World

മൊസൂളില്‍നിന്നു പലായനം; 4000ത്തിലധികം ഇറാഖികള്‍ സിറിയയിലെത്തി

മൊസൂളില്‍നിന്നു പലായനം; 4000ത്തിലധികം ഇറാഖികള്‍  സിറിയയിലെത്തി
X
iraqi womens

ദമസ്‌കസ്: ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂള്‍ നഗരത്തില്‍നിന്നു 4000ത്തിലധികം ഇറാഖികള്‍ സിറിയയിലേക്കു പലായനം ചെയ്തതായി യുഎന്‍. ഇറാഖിലെ വടക്കന്‍ നഗരമായ മൊസൂളില്‍നിന്ന് സിറിയന്‍ അതിര്‍ത്തി കടക്കാനൊരുങ്ങുന്നവരുടെ എണ്ണം 50,000ത്തോളമാണെന്നും യുഎന്‍ അഭയാര്‍ഥി വിഭാഗം (യുഎന്‍എച്ച്‌സിആര്‍) അറിയിച്ചു.
ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂളും ഫലൂജയും തിരിച്ചുപിടിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ സൈന്യം അടുത്തിടെ സൈനികനീക്കം ആരംഭിച്ചിരുന്നു. സൈനിക നടപടികള്‍ ആരംഭിച്ച ശേഷം ഫലൂജയില്‍ ഐഎസ് പ്രവര്‍ത്തകര്‍ യുവാക്കളെ വ്യാപകമായി വധശിക്ഷയ്ക്കു വിധേയരാക്കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത്തരമൊരു നടപടി ഐഎസ് മൊസൂളിലും സ്വീകരിക്കുമെന്നു ഭയപ്പെട്ടാവാം പലായനമെന്നും യുഎന്‍എച്ച്‌സിആര്‍ വക്താവ് മെലിസ ഫ്‌ലെമിങ് അഭിപ്രായപ്പെട്ടു. സിറിയയിലെ ഹസകാഹ് പ്രവിശ്യയിലെ ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറിയുള്ള അല്‍ഹോല്‍ ക്യാംപിലേക്ക് മൊസൂളില്‍ നിന്നുള്ള 4266 പേരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ അഭയംതേടിയെത്തിയത്. അല്‍ഹോല്‍ ക്യാംപില്‍ മൊസൂളിനേക്കാള്‍ താരതമ്യേന സുരക്ഷിതമായാണ് അഭയാര്‍ഥികള്‍ കഴിയുന്നത്. മൊസൂളില്‍ തുടരുന്ന സംഘര്‍ഷങ്ങളും നഗരവാസികളുടെ പലായനത്തിനു കാരണമാകാമെന്നും സംഘര്‍ഷം തുടരുന്ന സിറിയയെ അഭയകേന്ദ്രമായി കാണേണ്ട ഗതികേടിലാണ് ഇവരെന്നും ഫ്‌ലെമിങ് പറഞ്ഞു.
Next Story

RELATED STORIES

Share it