World

മൊറീഷസ് പ്രസിഡന്റ് രാജിക്കൊരുങ്ങുന്നു

പോര്‍ട്ട്‌ലൂയിസ്: സാമ്പത്തിക തിരിമറി ആരോപണത്തെത്തുടര്‍ന്ന് മൊറീഷസ് പ്രസിഡന്റ് അമീന ഗുരീബ് രാജിക്കൊരുങ്ങുന്നു. സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സര്‍ക്കാരിതര സംഘടനയില്‍ നിന്നു സംഭാവനയായി ലഭിച്ച പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുപയോഗിച്ചെന്നാണ് പ്രസിഡന്റിനെതിരായ ആരോപണം. പ്രസിഡന്റിന്റെ രാജി ഒരാഴ്ചയ്ക്കുള്ളിലുണ്ടാവുമെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോഥ് അറിയിച്ചു. നാളെ മൊറീഷസ് 50ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് പ്രസിഡന്റ് രാജിക്കൊരുങ്ങുന്നത്. സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കു ശേഷമാവും പ്രസിഡന്റ് സ്ഥാനമൊഴിയുക.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് എര്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സംഭാവനയായി നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രസിഡന്റ് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയെന്ന ആരോപണമാണ് ഇപ്പോള്‍ രാജിയിലേക്കെത്തിയിരിക്കുന്നത്. ആരോപണം നിഷേധിച്ച ഗുരീബ് എല്ലാ പണവും തിരിച്ചടച്ചു എന്നു വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പ്രശസ്ത ശാസ്ത്രജ്ഞയായ അമീന ഗുരീബ് 2015ലാണ് ദ്വീപ് രാഷ്ട്രത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി സ്ഥാനമേറ്റത്. ആഫ്രിക്കയിലെ രാഷ്ട്രമേധാവിയായ ഏക വനിതയാണ് ഗുരീബ്.
Next Story

RELATED STORIES

Share it