മൊബൈല്‍ സിംകാര്‍ഡ് ആക്ടീവായില്ല; കടയുടമയ്ക്കും ജീവനക്കാര്‍ക്കും നേരെ ആസിഡ് ആക്രമണം

കൊച്ചി: മൊബൈല്‍ സിം കാര്‍ഡ് ആക്ടീവ് ആവാത്തതില്‍ പ്രതിഷേധിച്ച് മൊബൈല്‍ കട ഉടമയ്ക്കും ജീവനക്കാര്‍ക്കും നേരെ ആഡിഡ് ആക്രമണം. കടയുടമ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഷോപ്പുടമ സക്കറിയ പൗലോസ്, ജീവനക്കാരായ ജോബിന്‍, സ്‌റ്റെഫി, ലിന്‍ഡ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ഇടുക്കി രാജാക്കാട് പന്നിയാര്‍കുട്ടി സ്വദേശി സണ്ണി തോമസിനെ (57) സമീപത്തെ കടയുടമകളും മറ്റുള്ളവരും ചേര്‍ന്ന് പിടികൂടി പോലിസില്‍ ഏല്‍പിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നോടെ കലൂര്‍ ചമ്മിണി ടവറിലെ വോഡഫോണ്‍ ഷോപ്പിലായിരുന്നു സംഭവം. ബുധനാഴ്ച സണ്ണി തോമസ് സക്കറിയ പൗലോസിന്റെ ഷോപ്പില്‍ വന്ന് പുതിയ കണക്ഷന്‍ എടുത്തിരുന്നു.— ഇത് ആക്ടീവ് ആവാന്‍ ഒരു ദിവസം പിടിക്കുമെന്ന് ഷോപ്പിലെ ജീവനക്കാര്‍ സണ്ണിയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഷോപ്പിലെത്തിയ ഇയാള്‍ സിംകാര്‍ഡ് ആക്ടീവ് ആയില്ലെന്നു പറഞ്ഞ് സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരോട് അസഭ്യം പറഞ്ഞു. ഇതോടെ സക്കറിയ പൗലോസും ജീവനക്കാരും ഇയാളോട് ഷോപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കടയില്‍ നിന്നു പോയ സണ്ണി അല്‍പസമയത്തിനു ശേഷം മരം അറക്കാനുപയോഗിക്കുന്നതു പോലെയുള്ള വാളും ചെറിയ പാത്രത്തില്‍ ആസിഡുമായി തിരികെ എത്തി. ജീവനക്കാര്‍ക്കും ഷോപ്പുടമയ്ക്കുമെതിരെ സണ്ണി വാള്‍ വീശി വെട്ടാന്‍ ശ്രമിച്ചുവെങ്കിലും ജീവനക്കാര്‍ ഇത് കസേരകൊണ്ട് തടുത്തു. തുടര്‍ന്ന് ഇയാള്‍ പാത്രത്തില്‍ കരുതിയിരുന്ന ആസിഡ് അവര്‍ക്കു നേരെ ഒഴിക്കുകയായിരുന്നു.
ഷോപ്പുടമ സക്കറിയ പൗലോസിന്റെ കണ്ണുകളിലും ജീവനക്കാരായ ജോബിന്‍, സ്‌റ്റെഫി, ലിന്‍ഡ എന്നിവരുടെ ശരീരത്തിലും ആസിഡ് വീണു. ഇതിനു ശേഷം ഷോപ്പില്‍ നിന്ന് ഇറങ്ങിയോടിയ സണ്ണി തോമസിനെ ബഹളം കേട്ടെത്തിയ മറ്റുകടക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി എറണാകുളം നോര്‍ത്ത് പോലിസിനു കൈമാറി. സക്കറിയ പൗലോസിനെ ഉടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കണ്ണുകളുടെ അവസ്ഥ ഗുരുതരമല്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.രണ്ടു ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ശരീരത്തില്‍ നിസ്സാര പൊള്ളലേറ്റു. വളരെ വീര്യം കുറഞ്ഞ ഫോമിക് ആസിഡാണ് സണ്ണി ആക്രമണത്തിന് ഉപയോഗിച്ചത്.
Next Story

RELATED STORIES

Share it