മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എതിരേ 118 (ഇ) വകുപ്പ് ചുമത്താന്‍ കഴിയില്ല

കൊച്ചി: പൊതുജനങ്ങള്‍ക്കും പൊതുസുരക്ഷയ്ക്കും ഭീഷണിയാവാത്തിടത്തോളം മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ കേരള പോലിസ് ആക്റ്റിലെ 118(ഇ) വകുപ്പ് ചുമത്താന്‍ കഴിയില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. കാക്കനാട് സ്വദേശി എം ജെ സന്തോഷ് 2017 ഏപ്രില്‍ 26ന് പൊതുറോഡിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പോലിസ്, ഇയാള്‍ക്കെതിരേ 118 (ഇ) വകുപ്പ് പ്രകാരം കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഈ കുറ്റപത്രത്തെ ചോദ്യംചെയ്ത് സന്തോഷ് സമര്‍പ്പിച്ച ഹരജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
പൊതുജനങ്ങള്‍ക്കും സുരക്ഷയ്ക്കും ഭീഷണിയാവുന്ന രീതിയില്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുമ്പോള്‍ മാത്രമേ ഈ വകുപ്പു ചുമത്താവൂ എന്നാണ് നിയമം പറയുന്നതെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ സംബന്ധിച്ച വകുപ്പുകള്‍ തയ്യാറാക്കുമ്പോ ള്‍ കൃത്യമായ വ്യാഖ്യാനങ്ങള്‍ വേണം. അല്ലെങ്കില്‍ വിഡ്ഢിത്തപൂര്‍ണമായ ഫലങ്ങളാണുണ്ടാവുകയെന്നും കോടതി ചൂണ്ടിക്കാട്ടി. 118 (ഇ) വകുപ്പ് ഈ കേസില്‍ നിലനില്‍ക്കില്ലെന്നും മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റിലെ 184ാം വകുപ്പ് ബാധകമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതിനു മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റിലെ 184ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279ാം വകുപ്പും ബാധകമാണെന്നു കോടതിയും ചൂണ്ടിക്കാട്ടി. പക്ഷേ, പൊതുസുരക്ഷ അപകടത്തില്‍ ആവാത്തിടത്തോളം 118 (ഇ) ബാധകമല്ല. ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നത് അപകടത്തിനു കാരണമാവുമെന്നു സര്‍ക്കാര്‍ വാദിച്ചു.
അപകടമുണ്ടാവുമെന്ന് പറഞ്ഞു ബാധകമല്ലാത്ത നിയമവും വകുപ്പും ഉപയോഗിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it