മൊബൈല്‍ ഫോണിന്റെ പേരില്‍ കൊലപാതകം; മൂന്നുപേര്‍ പിടിയില്‍

അടിമാലി: മൊബൈല്‍ ഫോ ണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ശാന്തമ്പാറ തൊട്ടിക്കാനം വാഴയില്‍ രാജീവി (32)നെ കൊലപ്പെടുത്തി തമിഴ്‌നാട് അതിര്‍ത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മാങ്ങാത്തൊട്ടി വാഴാട്ടു ഗോപി, തൊട്ടിക്കാനം വാക്കോട്ടില്‍ ബാബു, ബാബുവിനൊപ്പം താമസിക്കുന്ന ആനയിറങ്കല്‍ സ്വദേശിനി എമിലി എന്നിവരെയാണു അറസ്റ്റ് ചെയ്തത്. പ്രതികളുമായി രാജാപ്പാറ മെട്ടിലെത്തി തെളിവെടുപ്പു നടത്തിയ സംഘം ഒരു കിലോമീറ്റര്‍ ആഴമുള്ള കൊക്കയില്‍ നിന്നു രാജീവിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ജൂലൈ 10 മുതല്‍ രാജീവിനെ കാണാനില്ലെന്നു മാതാവ് കൗസല്യ ശാന്തമ്പാറ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തുകയും രാജീവ് ജോലി ചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമയായ ഗോപിയെ ചോദ്യം ചെയ്യുകയും ചെയ്തു. പക്ഷേ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ തുടരന്വേഷണങ്ങളുണ്ടായില്ല. എന്നാല്‍, കഴിഞ്ഞ മാസം 17നു മകന്റെ തിരോധാനവുമായി ബന്ധപ്പെട്ടു പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് രാജീവിന്റെ അമ്മ ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കി. തുടര്‍ന്ന് കുമളി എസ്‌ഐ ജോബി ജോസഫിന്റെ നേതൃത്വത്തില്‍ ഏഴു പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ മാസം 27 മുതല്‍  അന്വേഷണം ആരംഭിച്ചു. കാണാതാവുന്നതിനു തൊട്ടു മുമ്പ് രാജീവ് ഗോപിയുടെ ഏലത്തോട്ടത്തിലാണു ജോലി ചെയ്തിരുന്നത്. കേസിലെ മറ്റു പ്രതികളായ തൊട്ടിക്കാനം വാക്കോട്ടില്‍ ബാബു, എമിലി എന്നിവര്‍ രാജീവിനൊപ്പം  തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ്. ബാബുവും എമിലിയും തോട്ടത്തിലുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. ജൂലൈ 10 നു രാവിലെ തന്റെ മൊബൈല്‍ ഫോണ്‍ ബാബുവും എമിലിയും ചേര്‍ന്ന് മോഷ്ടിച്ചതായി രാജീവ് ഗോപിയോട് പറഞ്ഞു. പ്രതികള്‍ രാജീവുമായി തര്‍ക്കത്തിലായി. തുടര്‍ന്നു  രാജീവിനെ ക്രൂരമായി മര്‍ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു. രാജീവിന്റെ ശ്വാസം നിലച്ചതോടെ മൃതദേഹം ചാക്കിലാക്കി പറമ്പില്‍ തന്നെ സൂക്ഷിച്ചു. വൈകീട്ട് ഏഴരയോടെ ഗോപിയുടെ പിക്ക്്അപ്പ് ജീപ്പില്‍ കയറ്റി 10 കിലോമീറ്റര്‍ അകലെയുള്ള രാജാപ്പാറമെട്ടിലേക്ക് കൊണ്ടുപോയി കൊക്കയിലേക്കു തള്ളിയിട്ടു. ഗോപിയെയും ബാബുവിനെയും കഴിഞ്ഞദിവസം രാജകുമാരിയില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു മൃതദേഹം.
Next Story

RELATED STORIES

Share it