മൊബൈല്‍ ആപ്പ് അധിഷ്ഠിത കാബ് സര്‍വീസുകള്‍ക്കു പ്രിയമേറുന്നു

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷന്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന യൂബര്‍, ഓല കാബ് സര്‍വീസുകള്‍ക്കു സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ പ്രിയമേറുന്നു. സാധാരണ ടാക്‌സി സര്‍വീസുകളേക്കാള്‍ കുറഞ്ഞനിരക്കില്‍ മികച്ച സേവനം ലഭ്യമാവുമെന്നതാണ് യാത്രക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍, ഇതിന് ഏതുവിധേനയും ബ്രേക്കിടാനുള്ള ശ്രമത്തിലാണ് പ്രമുഖ തൊഴിലാളി യൂനിയനുകള്‍. പരമ്പരാഗത ഓട്ടോ, ടാക്‌സി സര്‍വീസുകളെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് മൊബൈല്‍ ആപ്പ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സര്‍വീസുകളോടുള്ള എതിര്‍പ്പുമായി സംഘടനകള്‍ രംഗത്തുവരുന്നത്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലായി യൂബര്‍, ഓല തുടങ്ങിയ കമ്പനികളാണ് ഇപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗത ടാക്‌സി സര്‍വീസുകളേക്കാള്‍ കുറഞ്ഞ നിരക്കും യാത്രാക്കൂലിയെച്ചൊല്ലി ഡ്രൈവര്‍മാരുമായുള്ള തര്‍ക്കം ഒഴിവാക്കാമെന്നതുമാണു യാത്രക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ടാക്‌സി യാത്രയ്ക്ക് ഏകദേശം ഓട്ടോനിരക്കു മാത്രമേ ഈടാക്കുന്നുള്ളൂ എന്നത് ഓട്ടോ യാത്രക്കാരെയും യൂബര്‍, ഓല സര്‍വീസുകളിലേക്ക് അടുപ്പിക്കുന്നുണ്ട്.

നിലവില്‍ ആദ്യ നാല് കിലോമീറ്ററുകള്‍ക്ക് യൂബര്‍ 50 രൂപയും ഓല കാബ്‌സ് 100 രൂപയുമാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. പിന്നെയുള്ള ഓരോ കിലോമീറ്ററിനും യൂബറില്‍ 7 രൂപയും ഓല കാബ്‌സില്‍ 10 രൂപയുമാണു നിരക്ക്. എന്നാല്‍, ഒട്ടോറിക്ഷകള്‍ക്ക് 1.5 കിലോമീറ്റര്‍ ഒാടുന്നതിന് മിനിമം ചാര്‍ജ് 20 രൂപയും പിന്നെയുള്ള ഓരോ കിലോമീറ്ററിനും 10 രൂപയുമാണു ഗതാഗതവകുപ്പ് നിശ്ചയിച്ചിട്ടുള്ളത്. പരമ്പരാഗത ടൂറിസ്റ്റ് ടാക്‌സികള്‍ക്ക് ആദ്യ അഞ്ച് കിലോമീറ്ററിന് 150 രൂപയും പിന്നെയുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് അംഗീകൃത നിരക്ക്. എന്നാല്‍, ഇതിലും ഇരട്ടി നിരക്കാണ് ഡ്രൈവര്‍മാര്‍ യാത്രക്കാരോട് ആവശ്യപ്പെടുന്നത്. നിരക്കിലെ ഈ അന്തരവും ഡ്രൈവറുമായുള്ള വിലപേശലും തര്‍ക്കവും ഒഴിവാക്കാമെന്നതുമാണ് മൊബൈല്‍ അധിഷ്ഠിതമായ കാബ് സര്‍വീസുകളെ യാത്രക്കാര്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെ യാത്രക്കാര്‍ ടാക്‌സി സര്‍വീസിന് ബുക്ക് ചെയ്യുമ്പോള്‍ സേവനദാതാക്കള്‍ ജി.പി.എസ്. സംവിധാനമുപയോഗിച്ച് യാത്രക്കാരന്റെ സ്ഥലം മനസ്സിലാക്കുകയും അടുത്തുള്ള ഡ്രൈവറെ അയക്കുകയുമാണു ചെയ്യുന്നത്. നിലവില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോവളത്തേക്ക് പോവാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 450 മുതല്‍ 500 രൂപ വരെ ഈടാക്കുമ്പോള്‍ യൂബര്‍, ഓല സര്‍വീസുകള്‍ 200-250 രൂപ മാത്രമാണ് ഈടാക്കുന്നത്.

എറണാകുളത്ത് ഹൈക്കോടതി ജങ്ഷന്‍ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ സ്വകാര്യ ടാക്‌സിക്കാര്‍ 1000 രൂപയോളം ആവശ്യപ്പെടുമ്പോള്‍ 450-500 രൂപയ്ക്കാണ് യൂബര്‍ സര്‍വീസ് നടത്തുന്നത്.  എന്നാല്‍, കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നതിനാല്‍ സാധാരണ ടാക്‌സി, ഓട്ടോ സര്‍വീസുകളെ ഇതു തകര്‍ക്കുമെന്നാണ് ഓട്ടോ, ടാക്‌സി തൊഴിലാളി യൂനിയനുകള്‍ ആരോപിക്കുന്നത്. ഓട്ടോറിക്ഷാ, ടാക്‌സി തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെ രൂക്ഷമായി ബാധിക്കുന്ന പ്രശ്‌നമായി പുതിയ സര്‍വീസുകള്‍ മാറുമെന്നും സംസ്ഥാനവ്യാപകമായി ഒാല, യൂബര്‍ കാബ് സര്‍വീസുകള്‍ തടയുമെന്നും എ.ഐ.ടി.യു.സി. നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധപരിപാടികള്‍ക്കു രൂപംനല്‍കാന്‍ എ.ഐ.ടി.യു.സി. ചൊവ്വാഴ്ച കൊച്ചിയില്‍ യോഗവും ചേര്‍ന്നു. സി.ഐ.ടി.യുവിനും ഇക്കാര്യത്തില്‍ സമാന നിലപാടാണുള്ളത്. അതേസമയം, മറ്റു ടാക്‌സിക്കാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ഒാല, യൂബര്‍ ടാക്‌സി ജീവനക്കാരും പരാതിപ്പെടുന്നുണ്ട്. കൊച്ചിയില്‍ യൂബറിലെ ഡ്രൈവര്‍മാര്‍ക്കു നേരെ ഒറ്റപ്പെട്ട ആക്രമണങ്ങളും നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it