kozhikode local

മൊഫ്യൂസില്‍ സ്റ്റാന്റില്‍ വാഹന പാര്‍ക്കിങിനും കാല്‍നടയാത്രയ്ക്കുമായി പുതിയ പദ്ധതി

കോഴിക്കോട്: കാല്‍നടയാത്രക്കാര്‍ക്കും വാഹനപാര്‍ക്കിങിനും സുരക്ഷിത സാഹചര്യമൊരുക്കി  മൊഫ്യൂസില്‍ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് 11.35 കോടി രൂപയുടെ പുതിയ പദ്ധതി വരുന്നു. സംസ്ഥാന അമൃത് പദ്ധതിക്ക് കീഴില്‍ നഗരഗതാഗത വിഭാഗത്തില്‍പ്പെടുത്തിയുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണവും വാഹനപാര്‍ക്കിങിനായുള്ള സൗകര്യം ഒരുക്കുന്ന പ്രവര്‍ത്തിയുമാണ് ആരംഭിക്കാനിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട വിശദ റിപോര്‍ട്ട് തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള നിര്‍വഹണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം കെഎംആര്‍എല്‍ പ്രതിനിധികള്‍  അവതരിപ്പിച്ച വിശദ റിപോര്‍ട്ട് അംഗീകരിച്ചു.
മാവൂര്‍ റോഡിലെ 1.2 കിലോമീറ്റര്‍ ഭാഗവും രാജാജി റോഡിലെ .5 കിലോമീറ്റര്‍ ഭാഗവും ഉള്‍പ്പെടുത്തി 1.7 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി പ്രവര്‍ത്തികള്‍ നടക്കുക. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മുന്‍വശത്തുള്ള ബസ് സ്റ്റോപ്പിനെയും പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തേയും ബന്ധിപ്പിച്ചാണ് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുക. യാത്രക്കാര്‍ക്ക് പടികള്‍ കയറിയുണ്ടാവുന്ന ബുദ്ധിമുട്ടൊഴിവാകാന്‍ ലിഫ്റ്റ്, എസ്‌കലേറ്റര്‍ സംവിധാനവും ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ ഇരുവശുത്തുമായി ഒരുക്കും. 1.7കിലോമീറ്റര്‍ ദൂരത്തില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ലഭ്യമായ സ്ഥലത്ത് സൗകര്യമൊരുക്കും.
മാവൂര്‍ റോഡ് ജങ്ഷനില്‍ സീബ്രാലൈന്‍ ഒരുക്കി സിഗ്‌നല്‍ ലൈറ്റുകള്‍ അതിനനുസരിച്ച് ക്രമീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ സമര്‍പ്പിച്ച സാധ്യതാ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി കോര്‍പ്പറേഷന്‍ മേയറുടെ ചേംബറില്‍ അമൃത് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. കെഎംആര്‍എല്‍ അഡീഷനല്‍ ജനറല്‍ മാനേജര്‍ കെ അബ്ദുല്‍ കലാം കൗണ്‍സിലര്‍മാര്‍ക്കു പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
Next Story

RELATED STORIES

Share it