Flash News

മൊണാര്‍ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തി;1.1 ലക്ഷംപേര്‍ വിദേശത്ത് കുടുങ്ങി



ലണ്ടന്‍: ബ്രിട്ടനിലെ മൊണാര്‍ക് എയര്‍ലൈന്‍സ് വിമാനക്കമ്പനി അപ്രതീക്ഷിതമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത് പതിനായിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ബ്രിട്ടനില്‍ നിന്നുള്ള 1.1 ലക്ഷത്തിലധികം യാത്രക്കാര്‍ ഇന്നലെ വിമാനക്കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതോടെ വിദേശരാജ്യങ്ങളില്‍ കുരുങ്ങി. ഇവരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ വ്യോമയാന അതോറിറ്റി അറിയിച്ചു. ഇതിനായി 34 വിമാനങ്ങള്‍ അയക്കാനും അതോറിറ്റി ഉത്തരവിട്ടു. അടുത്ത രണ്ടാഴ്ചത്തേക്ക് 700 പ്രത്യേക വിമാന സര്‍വീസുകളും നടത്തും. ഇതിനായി ബ്രിട്ടനിലെയും വിദേശരാജ്യങ്ങളുടെയും വിമാനക്കമ്പനികളുടെ സഹകരണം തേടി. തിരികെയുള്ള വിമാനയാത്രയ്ക്ക് ആളുകളില്‍നിന്ന് പണം ഈടാക്കില്ല. യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനായി സമീപകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ബ്രിട്ടന്‍ ആരംഭിച്ചിരിക്കുന്നത്. ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ വിമാനക്കമ്പനിയാണ് മൊണാര്‍ക്. 40ലധികം വിമാനത്താവളങ്ങളിലേക്ക് മൊണാര്‍ക് സര്‍വീസ് നടത്തിയിരുന്നു. 2750ഓളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പ്് പുറത്തുവന്നത്. മുന്‍കൂട്ടി ബുക്കുചെയ്ത മൂന്നുലക്ഷം വിമാന ടിക്കറ്റുകളും മൊണാര്‍ക് എയര്‍ലൈന്‍സ് റദ്ദാക്കി. ചാര്‍ട്ടേഡ് സേവനങ്ങളടക്കമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി മൊണാര്‍ക് എയര്‍ലൈന്‍സ് ട്വിറ്ററില്‍ അറിയിച്ചു. സാമ്പത്തികപ്രശ്‌നങ്ങളും മറ്റു വിമാനക്കമ്പനികളുമായുള്ള മല്‍സരത്തില്‍ പിടിച്ചുനില്‍ക്കാനാവാത്തതും കാരണം സ്ഥാപനം നഷ്ടത്തിലായിരുന്നെന്ന് മൊണാര്‍ക് എയര്‍ലൈന്‍ വക്താവ് ബ്ലെയര്‍ നിമ്മോ പറഞ്ഞു. യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്കും പൗണ്ടിന്റെ മൂല്യശോഷണവും കമ്പനിയുടെ തകര്‍ച്ചക്കു കാരണമായതായി വിലയിരുത്തപ്പെടുന്നു.
Next Story

RELATED STORIES

Share it