മൊഞ്ചത്തിമാരുടെ കഥ കേള്‍ക്കാന്‍ കഥ പറയുന്ന നര്‍ത്തകിയെത്തി

കെ എം അക്ബര്‍

തിരുവനന്തപുരം: കഥക് എന്ന വാക്കിന് സംസ്‌കൃതത്തില്‍ കഥ പറയുന്നയാള്‍ എന്നാണ് അര്‍ഥം. എന്നാല്‍, ഇന്നലെ മൈലാഞ്ചി മൊഞ്ചില്‍ അണിഞ്ഞൊരുങ്ങിയ മൊഞ്ചത്തിമാര്‍ക്കരികിലേക്ക് കഥ പറയുന്ന നര്‍ത്തകി ഒപ്പനക്കഥ കേള്‍ക്കാനെത്തി.
കാശിമാലയുടെയും അലിക്കത്തിന്റെയും കഥ, കസവു തട്ടത്തിന്റെയും മൈലാഞ്ചിച്ചോപ്പിന്റെയും കഥ... ചായലും ഇടമുറുക്കവും മുറുക്കവുമെല്ലാം അവര്‍ തെറ്റാതെ പറഞ്ഞു നല്‍കി.
പ്രശസ്ത കഥക് നര്‍ത്തകി സുസ്മിത ബാനര്‍ജിയാണ് ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മല്‍സരം നടന്ന പുത്തരിക്കണ്ടം മൈതാനിയിലെത്തി ഒപ്പനക്കഥകള്‍ കേട്ടിരുന്നത്. കലോല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരികോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. ഇന്നലെ രാവിലെ ഒപ്പന മല്‍സരം നടക്കുന്നതിനു വളരെ മുമ്പു തന്നെ സുസ്മിത ബാനര്‍ജി പ്രധാന വേദിയിലെത്തിയിരുന്നു.
മലയാളത്തിന്റെ സ്വന്തം ഒപ്പനയെ കുറിച്ച് ഒരുപാടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചാഞ്ഞും ചെരിഞ്ഞും മൊഞ്ചത്തിമാര്‍ കഥക് നര്‍ത്തകിക്കു മുന്നില്‍ മൈലാഞ്ചിച്ചുവപ്പണിഞ്ഞ കൈകള്‍ പതുക്കെ കൊട്ടി. തിരക്കേറെയുണ്ടായിരുന്നിട്ടും ഒരു ടീമിന്റെ പ്രകടനം കണ്ട ശേഷമാണ് കഥ പറയുന്ന നര്‍ത്തകി വേദി വിട്ടത്. കാരണം, ഒപ്പനക്കഥ കേട്ട അവരുടെ ഖല്‍ബില്‍ അത്രമേല്‍ നിറഞ്ഞിരുന്നു ഒപ്പനയോടുള്ള മുഹബത്ത്.
Next Story

RELATED STORIES

Share it