kannur local

മൈസൂരു വഴി കണ്ണൂരിലേക്കുള്ള ട്രെയിന്‍ നിര്‍ത്തലാക്കാന്‍ നീക്കം



കണ്ണൂര്‍: ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് മൈസൂരു വഴിയുള്ള ട്രെയിന്‍ സര്‍വീസ് ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നു. ഇതിനായി ദക്ഷിണ പശ്ചിമ റെയില്‍വേ അണിയറനീക്കം തുടങ്ങി. ആദ്യമെന്നോണം 2018 ഫെബ്രുവരി മുതല്‍ സര്‍വീസ് ആഴ്ചയില്‍ നാലുദിവസം ഹാസന്‍ വഴിയാക്കാനാണ് തീരുമാനം. പുതിയ സമയക്രമീകരണത്തില്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ മൈസൂരു വഴി ട്രെയിന്‍ സര്‍വീസ് ഉണ്ടാവുകയുള്ളൂ. എന്നാല്‍, ക്രമേണ യാത്രക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍വീസ് പൂര്‍ണമായും ഹാസന്‍ വഴിയാക്കാനാണ് സാധ്യത. മൈസൂരു വഴി യാത്രക്കാരുടെ എണ്ണം കുറവാണെന്നാണ് റെയില്‍വേ പുറത്തുവിട്ട കണക്കുകള്‍. മംഗലാപുരം വഴി രാത്രി സര്‍വീസ് നടത്തുന്ന ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസില്‍ യാത്രത്തിരക്ക് രൂക്ഷമാണ്. അപ്പോഴൊക്കെ ബംഗളൂരു-മൈസൂരു-കണ്ണൂര്‍ ട്രെയിനാണു യാത്രക്കാര്‍ക്ക് ആശ്രയം. എന്നാല്‍, സര്‍വീസ് പൂര്‍ണമായും ഹാസന്‍ വഴിയാക്കുന്നത് മൈസൂരിലെ മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാവും. 2016-2017 കാലത്തെ കണക്കുപ്രകാരം ദിനേന കണ്ണൂരിലേക്ക് ശരാശരി 127 പേരും ബംഗളൂരുവിലേക്ക് 105 പേരുമാണ് റിസര്‍വേഷന്‍ കോച്ചുകളില്‍ യാത്രചെയ്യുന്നത്. കൂടാതെ ഇക്കാലയളവില്‍ കണ്ണൂരിലേക്ക് ആകെ യാത്രചെയ്തവരുടെ എണ്ണം 46,553ഉം, ബംഗളൂരുവിലേക്ക് 38,326 പേരുമാണ്. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മൈസൂരുവില്‍നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കാന്‍ നീക്കംനടത്തുന്നത്. ഹാസന്‍വഴി പോവുമ്പോള്‍ 90 കിലോമീറ്റര്‍ ദൂരം ലാഭിക്കുന്നതിലൂടെ യാത്രാസമയത്തില്‍ രണ്ടുമണിക്കൂര്‍ കുറഞ്ഞുകിട്ടും.
Next Story

RELATED STORIES

Share it