malappuram local

മൈനുകള്‍ കണ്ടെത്തിയത് അയ്യപ്പഭക്തരുടെ കുളിക്കടവിനരികെ

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലത്തിനു താഴെ കണ്ടെത്തിയ മൈനുകള്‍ ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കാനിറങ്ങുന്ന പുഴയിലെ കടവിനരികില്‍. മൈനും മൈന്‍ നിറച്ച ബാഗും ഉപേക്ഷിച്ച സ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ മാത്രമേ അയ്യപ്പഭക്തര്‍ കുളിക്കാനിറങ്ങുന്ന മിനിപമ്പയിലെ കടവിലേയ്ക്ക് ദൂരമുള്ളുവെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മൈനുകള്‍ കണ്ടെത്തിയ ഉടന്‍തന്നെ വിദഗ്ധരെത്തി അവ മലപ്പുറം ഏആര്‍ ക്യാംപിലേയ്ക്കു മാറ്റി. ഇന്നലെ രാവിലെ ഉന്നത പോലിസുദ്യോഗസ്ഥരും ബോംബ്-ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണ് വിവരം നാട്ടുകാര്‍ അറിയുന്നത്. ഇതോടെ കുറ്റിപ്പുറത്തുനിന്നും പരിസര പ്രദേശങ്ങളില്‍നിന്നുമായി ആയിരക്കണക്കിനാളുകള്‍ പുഴയിലെത്തുകയായിരുന്നു. മെനുകള്‍ എത്രത്തോളം മാരകശേഷിയുള്ളവയാണെന്ന് പോലിസും വിദഗ്ധരും പുറത്തുവിട്ടിട്ടില്ല. അയ്യപ്പഭക്തരുടെ ഇടത്താവളമായ മിനിപമ്പയ്ക്കടുത്ത് ഇങ്ങിനെ മൈന്‍ ഉപേക്ഷിക്കപ്പെട്ടതില്‍ ഏറെ ദുരൂഹത നിലനില്‍ക്കുന്നു. പ്രദേശത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കുബുദ്ധികളാവാം സംഭവത്തിനു പിന്നിലെന്നുവേണം കരുതാന്‍. ശബരിമല ദര്‍ശനത്തിനായി പോകുന്നവരും ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരുമായ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്നതിനും കുളിക്കാനുമായി മിനിപമ്പയിലെ മല്ലൂര്‍ കടവിനെയാണ് ആശ്രയിക്കുന്നത്. മല്ലൂര്‍ ശിവ-പാര്‍വതി ക്ഷേത്രത്തിനു മുന്നിലായുള്ള ഈ കുളിക്കടവില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന അയ്യപ്പഭക്തര്‍ അവരുടെ കൈവശമുള്ള ആവശ്യമില്ലാത്ത വസ്ത്രങ്ങളും മറ്റും പുഴയില്‍ ഉപേക്ഷിക്കുന്നതും പതിവാണ്.
Next Story

RELATED STORIES

Share it