Kollam Local

മൈനാഗപ്പള്ളി പീഢനം : അന്വേഷണം മരവിച്ചതായി ആക്ഷേപം



ശാസ്താംകോട്ട: മൈനാഗപ്പള്ളിയില്‍ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം മരവിച്ചതായി ആക്ഷേപം. ഇതോടെ സംഭവത്തിന് പിന്നിലെ ഉന്നതര്‍മാര്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഒരുങ്ങുകയാണെന്നും ആക്ഷേപമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളും വിദ്യാര്‍ഥികളുമായ നിസാറുദ്ദീന്‍(21), ഷെഫാസ് (21) സൈനുഎബ്രഹാം(22) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരുള്‍പ്പെടെ എട്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒന്നാം പ്രതി റംസീന ഒഴികെയുള്ളവര്‍ ഏറ്റവും താഴെതട്ടിലുള്ളവര്‍ മാത്രമാണ്. എന്നാല്‍ ഇതിന് പിന്നില്‍ വന്‍ സെക്‌സ് റാക്കറ്റുണ്ടെന്നും അതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടും ആ വഴിയ്ക്ക് പോലിസ് അന്വേഷണം നടത്തുന്നില്ലെന്നുമാണ് ആക്ഷേപം.ഈ മാസം നാലിന് പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാളായ 14കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഇവരുടെ സമീപവാസിയായ റംസീന പെണ്‍കുട്ടികളെ ഏര്‍വാടിയിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും കൊണ്ടുപോവുകയും ഒരാഴ്ചയ്ക്ക് ശേഷമാണ് വീട്ടിലെത്തിച്ചിരുന്നതും. ഇളയ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം മൂത്ത സഹോദരിയെ ഇത്തരത്തില്‍ മടക്കി കൊണ്ടുവന്നപ്പോഴാണ് റംസീന പിടിയിലാകുന്നത്. ഇവരുടെ ബാഗില്‍ നിന്നും ഒന്നരലക്ഷം രൂപയും നിരവധി സിം കാര്‍ഡുകളും സിഡിയും അടക്കമുള്ളവ പോലിസ് പിടികൂടിയിരുന്നു.റംസീനയേയും മൂത്ത സഹോദരിയേയും ചോദ്യം ചെയ്തതിലൂടെയാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ വിവരം ബോധ്യപ്പെട്ടത്. നീലച്ചിത്ര നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഈ വഴിയ്ക്കുള്ള അന്വേഷണം നടന്നിട്ടില്ല. അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ കാണിച്ച ഉല്‍സാഹം പോലിസ് ഇപ്പോള്‍ കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് റംസീനയെ കൂടാതെ പെണ്‍കുട്ടികളുടെ അടുത്ത ബന്ധുവായ അബ്ദുല്‍ നിസാറിനെയും മറ്റ് മൂന്ന് പേരേയും ശാസ്താംകോട്ട പോലിസ് പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ഒരാളെ കൂടി മാത്രമേ പിടികൂടാനുള്ളൂവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ സംഭവത്തിന് പിന്നിലുള്ള മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ സംഘടനകളും പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it