Kollam Local

മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു



ശാസ്താംകോട്ട: ഭരണകാര്യങ്ങളില്‍ സിപിഎം അംഗത്തിന്റെ അനാവശ്യ ഇടപെടലില്‍ പ്രതിഷേധിച്ച് മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി രഘുനാഥപിള്ള സ്ഥാനം രാജിവച്ചു. എല്‍ഡിഎഫ് ആണ് മൈനാഗപ്പള്ളി പഞ്ചായത്തില്‍ ഭരണം നടത്തുന്നത്. സിപിഎമ്മിലെ പി എസ് ജയലക്ഷ്മിയാണ് പഞ്ചായത്ത് പ്രസിഡന്റ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ നിയന്തിക്കുന്നത് സിപിഎം നേതാവും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ടി മോഹനനാണെന്നാണ് രഘുനാഥപിള്ളയുടെ ആരോപണം. പഞ്ചായത്ത് കമ്മിറ്റിയിലും ഘടകകക്ഷികളിലും ആലോചിക്കാതെ ടി മോഹനന്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്ന് നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രണ്ട് മാസം മുമ്പ് സിപിഐയുടെ അംഗങ്ങള്‍ രാജിക്കൊരുങ്ങിയിരുന്നു. ഇതിന് ശേഷവും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് വൈസ്പ്രസിഡന്റായ ബി രഘുനാഥപിള്ള രാജി സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്പിക്കാരനായിരുന്ന രഘുനാഥപിള്ളയ്ക്ക് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടവനശ്ശേരി നാലാംവാര്‍ഡില്‍ നിന്നും സ്വതന്ത്രനായി മല്‍സരിച്ച് വിജയിക്കുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുകയും പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയുമായിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആര്‍എസ്പി ലെനിനിസ്റ്റ് രൂപീകരിച്ചപ്പോള്‍ രഘുനാഥപിള്ള ലെനിനിസ്റ്റില്‍ ചേരുകയും ചെയ്തു.
Next Story

RELATED STORIES

Share it