Flash News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്:ചെങ്ങന്നൂരില്‍ വെള്ളാപ്പള്ളി, തുഷാര്‍ തുടങ്ങി എട്ടുപേര്‍ക്കെതിരെ കേസ്സെടുത്തു

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്:ചെങ്ങന്നൂരില്‍ വെള്ളാപ്പള്ളി, തുഷാര്‍ തുടങ്ങി എട്ടുപേര്‍ക്കെതിരെ കേസ്സെടുത്തു
X
ചെങ്ങന്നൂര്‍: മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, യോഗം കൗണ്‍സിലര്‍മാര്‍ ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ തുടങ്ങി 8 പേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. സമുദായ അംഗമായ ചെങ്ങന്നൂര്‍ ആലാ, മാമ്പ്ര, കോടുകുളഞ്ഞി, ഹരിശ്രീയില്‍ സുദര്‍ശനന്‍, ദിവാകരന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ചെങ്ങന്നൂര്‍ സി.ഐ. എം. ദിലീപ് ഖാന്‍ കേസ്സെടുത്തത്.



എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ രതീഷ് കണ്ണമ്പറമ്പില്‍, ചെങ്ങന്നൂര്‍ യൂണിയന്‍ സെക്രട്ടറി ബുധനൂര്‍ ശ്രീരംഗത്തില്‍ അനില്‍ പി. ശ്രീരംഗം, മൈക്രോ ഫിനാന്‍സ് കോ-ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, ചെങ്ങന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ സുനില്‍ വള്ളിയില്‍, യൂണിയന്‍ മുന്‍ സെക്രട്ടറി ആലാ കോട്ടുപറമ്പില്‍ അനു സി. സേനന്‍, മുന്‍ പ്രസിഡന്റ്, മാന്നാര്‍ ഇരമത്തൂര്‍ വല്യത്ത് വീട്ടില്‍ അഡ്വ.കെ. സന്തോഷ്‌കുമാര്‍ എന്നിവരാണ് വെള്ളാപ്പള്ളിക്കും തുഷാറിനും ഒപ്പമുള്ള മറ്റ് പ്രതികള്‍. മൈക്രോഫിനാന്‍സ് വായ്പ തട്ടിപ്പ് നടത്തുന്നതിനുവേണ്ടി വ്യാജ സ്വയം സഹായസംഘങ്ങള്‍ രൂപീകരിച്ച് ഇന്‍ഡ്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ധനലക്ഷ്മി ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളില്‍നിന്നും 1,54,98,400 രൂപ ഒന്നും രണ്ടും പ്രതികള്‍ക്കുവേണ്ടി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇത്തരം തട്ടിപ്പു നടത്തുന്നതിനുവേണ്ടി വ്യാജ രേഖകള്‍ ലഡ്ജറുകള്‍ എന്നിവ തയ്യാറാക്കിയെന്നും എഫ്.ഐ.ആറിലുണ്ട്. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയനില്‍ സൂക്ഷിക്കേണ്ട സ്വയംസഹായസംഘങ്ങള്‍ സംബന്ധിച്ച രേഖകള്‍ മൂന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും സമുദായത്തെയും ബാങ്കുകളെയും കബളിപ്പിച്ച് വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് എഫ്.ഐ.ആറില്‍ ഉള്ളത്. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്റെ മൈക്രോ ഫിനാന്‍സ് അക്കൗണ്ട് ചെങ്ങന്നൂര്‍ യൂണിയന്‍ ബാങ്കിലാണ്. ഈ അക്കൗണ്ടില്‍നിന്നും വെള്ളാപ്പള്ളിനടേശന്റെ പേരിലുള്ള കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് നിരവധി തവണ പണം കൈമാറിയെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ എസ്.എന്‍.ഡി.പി. യോഗത്തെയും സമുദായത്തെയും കബളിപ്പിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ചെങ്ങന്നൂരിലേത്. തുടക്കം മുതല്‍ ആക്ഷേപമുണ്ടായിരുന്ന തട്ടിപ്പ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കേസ്സെടുത്തതോടെയാണ് ചെങ്ങന്നൂരില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it