Kottayam Local

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; പോലിസ് നടപടി തുടങ്ങി



കോട്ടയം: എസ്എന്‍ഡിപിയുടെ എരുമേലി യൂനിയനില്‍ മൈക്രോ ഫിനാന്‍സ് വായ്പാ പദ്ധതിയില്‍ തട്ടിപ്പു നടന്നെന്ന് പരാതി. ഇതു സംബന്ധിച്ച് കോടതി നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ റിപോര്‍ട്ട് നല്‍കാന്‍ എരുമേലി പോലിസ് നടപടികള്‍ ആരംഭിച്ചു. എസ്എന്‍ഡിപി നാറാണംതോട് മാടനാശാന്‍ ശാഖയിലാണു വായ്പാ വിവാദം ഉയര്‍ന്നത്. പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത വീട്ടമ്മയായ ശോഭന റെജി അമിത പലിശ ഈടാക്കിയെന്ന് ആരോപിച്ച് കാഞ്ഞിരപ്പളളി കോടതിയില്‍ ഹരജി നല്‍കിയതോടെയാണ് അന്വേഷണത്തിനു പോലിസിനു നിര്‍ദേശം ലഭിച്ചത്. ഒമ്പതു ശതമാനം പലിശയ്ക്ക് ധനലക്ഷ്മി ബാങ്ക് നല്‍കുന്ന വായ്പ 14 ശതമാനം പലിശ ഈടാക്കിയാണ് യൂനിയന്‍ അംഗങ്ങള്‍ക്ക് നല്‍കുന്നതെന്നും അഞ്ചു ലക്ഷം രൂപ രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടച്ചപ്പോള്‍ 46,000 രൂപ പലിശയായി നല്‍കിയെന്നും വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നാണ് യൂനിയന്‍ ഭാരവാഹികള്‍ പോലിസിന് മൊഴി നല്‍കിട്ടുള്ളത്്. പരാതി നല്‍കിയ വീട്ടമ്മക്കെതിരേ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യൂനിയന്‍ ഭാരവാഹികള്‍. മരിച്ചയാളുടെ പേരില്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയവരാണ് പരാതിക്കാരെന്നും ഇത് സംബന്ധിച്ച് കോടതിയില്‍  ഹര്‍ജി നല്‍കിയെന്നും യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം യൂനിയന്‍ ഭാരവാഹികളാണ് തട്ടിപ്പു നടത്തിയതെന്നും ഇവരെ സംരക്ഷിക്കുകയാണ് പോലിസ് ചെയ്യുന്നതെന്നും മറു വിഭാഗം പറയുന്നു. ഒടുവിലിപ്പോള്‍ യൂനിയന്‍ ഭാരവാഹികള്‍ ശാഖാ ഓഫിസ് അടച്ചുപൂട്ടുകയും ഒരു വിഭാഗം അംഗങ്ങള്‍ പൂട്ടു പൊളിച്ച് ഓഫിസ് കൈയടക്കി യോഗം നടത്തുകയും കാവലേര്‍പ്പെടുത്തിരിക്കുകയുമാണ്.സെക്രട്ടറി ഉള്‍പ്പടെ ആറു ഭാരവാഹികള്‍ രാജിവച്ച് കത്തു നല്‍കിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടതോടെയാണ് ഓഫിസ് പൂട്ടിയതെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു.
Next Story

RELATED STORIES

Share it