മൈക്രോഫിനാന്‍സ് തട്ടിപ്പ്‌: വെള്ളാപ്പള്ളിക്കും മകനുമെതിരേ കേസെടുത്തു

ചെങ്ങന്നൂര്‍: മൈക്രോഫിനാന്‍സ് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം എട്ടുപേര്‍ക്കെതിരേ ചെങ്ങന്നൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ രതീഷ് കണ്ണമ്പറമ്പില്‍, യൂനിയന്‍ സെക്രട്ടറി ബുധനൂര്‍ ശ്രീരംഗത്തില്‍ അനില്‍ പി ശ്രീരംഗം, ചെയര്‍മാന്‍ സുനില്‍ വള്ളിയില്‍, മുന്‍ സെക്രട്ടറി ആലാ കോട്ടുപറമ്പില്‍, മുന്‍ പ്രസിഡന്റ് മാന്നാര്‍ ഇരമത്തൂര്‍ വല്യത്ത് വീട്ടില്‍ അഡ്വ. കെ സന്തോഷ്‌കുമാര്‍, മൈക്രോഫിനാന്‍സ് കോ-ഓഡിനേറ്റര്‍ കെ കെ മഹേശന്‍, അനു സി സേനന്‍ എന്നിവര്‍ക്കെതിരേയാണ് വെള്ളാപ്പള്ളിക്കൊപ്പം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എസ്എന്‍ഡിപി സമിതി അംഗങ്ങളായ സുദര്‍ശനന്‍, ദിവാകരന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് സിഐ എം ദിലീപ് ഖാന്‍ കേസെടുത്തത്. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ്. മൈക്രോഫിനാന്‍സ് വായ്പാ തട്ടിപ്പ് നടത്തുന്നതിനു വേണ്ടി വ്യാജ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് ഇന്ത്യന്‍ ബാങ്ക്, യൂനിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 1,54,98,400 രൂപ ഒന്നും രണ്ടും പ്രതികള്‍ക്കു വേണ്ടി തട്ടിപ്പു നടത്തിയെന്നാണ് കേസ്. തട്ടിപ്പു നടത്തുന്നതിനു വേണ്ടി വ്യാജരേഖകള്‍, ലഡ്ജറുകള്‍ എന്നിവ തയ്യാറാക്കിയെന്നും എഫ്‌ഐആറിലുണ്ട്. ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂനിയനില്‍ സൂക്ഷിക്കേണ്ട സ്വയംസഹായ സംഘങ്ങള്‍ സംബന്ധിച്ച രേഖകള്‍ മൂന്ന് മുതല്‍ എട്ടു വരെ പ്രതികള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും സമുദായത്തെയും ബാങ്കുകളെയും കബളിപ്പിച്ച് വിശ്വാസവഞ്ചന നടത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂനിയന്റെ മൈക്രോഫിനാന്‍സ് അക്കൗണ്ട് ചെങ്ങന്നൂര്‍ യൂനിയന്‍ ബാങ്കിലാണ്. ഈ അക്കൗണ്ടില്‍ നിന്ന് വെള്ളാപ്പള്ളിയുടെ പേരിലുള്ള കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് നിരവധി തവണ പണം കൈമാറിയെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മൈക്രോഫിനാന്‍സിന്റെ പേരില്‍ എസ്എന്‍ഡിപി യോഗത്തെകബളിപ്പിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ചെങ്ങന്നൂരിലേത്. തുടക്കം മുതല്‍ ആക്ഷേപമുണ്ടായിരുന്ന തട്ടിപ്പ് സംബന്ധിച്ചു ക്രൈംബ്രാഞ്ച് കേസെടുത്തതോടെയാണ് ചെങ്ങന്നൂരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it