മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ തുറുങ്കില്‍ അടപ്പിക്കും- വിഎസ്

കോതമംഗലം: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ കല്‍ത്തുറുങ്കിലടപ്പിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കോതമംഗലം തൃക്കരിയൂര്‍ ജങ്ഷനില്‍ നടന്ന മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈക്രോഫിനാന്‍സ് വിഷയത്തില്‍ ആരോ എഴുതിനല്‍കിയത് താന്‍ വായിക്കുകയാണെന്നും തന്നെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയുമാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഇത് അടിസ്ഥാനരഹിതമാണ്. താന്‍ പറഞ്ഞത് തെളിവുസഹിതമാണ്. നടേശന്‍ ചെയ്തതും താന്‍ പറഞ്ഞതും സത്യമാണ്. ബാങ്കുകളോടും പിന്നാക്ക വികസന കോര്‍പറേഷനോടും ചോദിച്ച പ്രകാരം അവര്‍ തനിക്ക് ഇതുസംബന്ധിച്ച കണക്ക് തന്നു. പാവപ്പെട്ട സഹോദരിമാരെയും അമ്മമാരെയും ചതിച്ച നടേശനെ കല്‍ത്തുറുങ്കില്‍ അടപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ എല്ലാം താന്‍ സ്വീകരിക്കും. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് താന്‍ പ്രസ്താവന നടത്തിയപ്പോള്‍ നടേശന്‍ പറഞ്ഞത് താന്‍ വഞ്ചന കാണിച്ചെങ്കില്‍ തൂക്കുമരം കയറാന്‍ തയ്യാറാണെന്നാണ്. നടേശന്‍ ഒരുകാര്യം മനസ്സിലാക്കണം. മോഷണക്കേസില്‍ തൂക്കുമരമില്ല, കല്‍ത്തുറുങ്കാണ്. ആ കല്‍ത്തുറുങ്കില്‍ നടേശന്‍ കിടന്ന് അഴിയെണ്ണണമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
നടേശനുമായി ബന്ധപ്പെട്ട വിവാദം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെ ഇനി നടേശനെയും മകനെയും കൂട്ടുപിടിച്ചിട്ടു കാര്യമില്ലെന്നു ബിജെപിക്കു മനസ്സിലായി. നടേശനെയും മകനെയും കൂടെക്കൂട്ടിയാല്‍ ഉള്ള വോട്ടുകൂടി നഷ്ടപ്പെടുമെന്നാണ് ബിജെപിക്കാര്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും വി എസ് പറഞ്ഞു. സിപിഎം ഏരിയാ സെക്രട്ടറി ആര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി രാജീവ്, എ പി മുഹമ്മദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it