മൈക്രോഫിനാന്‍സ്: എസ്എന്‍ഡിപി യൂനിയന്‍ പ്രസിഡന്റിനും സെക്രട്ടറിക്കും എതിരേ കേസ്

പത്തനംതിട്ട: മൈക്രോഫിനാ ന്‍സുമായി ബന്ധപ്പെട്ട പരാതിയില്‍ കെപ്‌കോ ചെയര്‍മാന്‍ കൂടിയായ പത്തനംതിട്ട എസ്എന്‍ഡിപി യൂനിയന്‍ പ്രസിഡന്റ് കെ പത്മകുമാര്‍, സെക്രട്ടറി സി എന്‍ വിക്രമന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു. ഗൂഢാലോചന, സാമ്പത്തിക ക്രമക്കേട്, പൊതുപണം ദുര്‍വിനിയോഗം ചെയ്യല്‍ എന്നിവയ്‌ക്കെതിരേ പത്തനംതിട്ട പോലിസാണ് കേസെടുത്തത്.
എസ്എന്‍ഡിപി യൂനിയന്‍ കമ്മിറ്റിയംഗം പി വി റനീഷ് നല്‍കിയ പരാതിയിലാണു നടപടി. 2007-08 കാലത്ത് വനിതാ സ്വയംസഹായ സംഘങ്ങളുടെ പേരില്‍ വിവിധ ദേശസാല്‍കൃതബാങ്കില്‍ നിന്നു വായ്പയെടുത്ത പണം ഇവര്‍ ഗുണഭോക്തക്കള്‍ക്കു വിതരണം ചെയ്തില്ലെന്നു പോലിസ് പ്രഥമവിവര റിപോര്‍ട്ടില്‍ പറയുന്നു. വ്യാജകണക്ക് എഴുതി ഈ പണം ഇവര്‍ ചെലവിട്ടു. വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കു വേണ്ടിയുള്ള മൈക്രോഫിനാന്‍സ് വിതരണത്തില്‍ സാമ്പത്തിക ക്രമക്കേട് കാണിച്ചെന്നും പോലിസ് കണ്ടെത്തി.
പിന്നാക്ക വികസന കോര്‍പറേഷന്‍ ലഭ്യമാക്കിയ വായ്പകളിലും സാമ്പത്തിക ക്രമക്കേട് കാണിച്ചു. പൊതുപണം ദുര്‍വിനിയോഗം ചെയ്ത് ഇവര്‍ എസ്എന്‍ഡിപി യൂനിയനെ വഞ്ചിച്ചെന്നും പോലിസ് പറയുന്നു. എന്നാല്‍, യൂനിയന്റെ കണക്ക് നോക്കാതെയും ഭാഗം കേള്‍ക്കാതെയുമാണ് പോലിസ് നടപടിയെന്നു പത്മകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ് സംവിധാനമാണ് പത്തനംതിട്ട യൂനിയന്റേത്. വനിതകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. ഒരാള്‍ പോലും ഇതിനെതിരേ പരാതി പറഞ്ഞിട്ടില്ല. മുഴുവന്‍ പണവും കണക്കുവച്ച് കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്.
പരാതിക്കാരന്‍ ധര്‍മവേദി എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ്. വ്യക്തിവിരോധം തീര്‍ക്കാന്‍ വേണ്ടിയാണു പരാതി നല്‍കിയത്. പോലിസ് യൂനിയന്റെ കണക്ക് പരിശോധിച്ചിട്ടില്ല. സെക്രട്ടറിയുടെ മൊഴി എടുത്തിട്ടില്ല. കേസിനെതിരേ താന്‍ ഹൈക്കോടതിയെ സമീപിച്ച് ഹരജി നല്‍കിയിട്ടുണ്ട്. കൃത്യമായ പരിശോധന നടത്തിയാല്‍ സത്യം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it