kozhikode local

മൈക്കിന് അനുമതി ഇല്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രി തിരിച്ചുപോയ സംഭവം; ഐ ഗ്രൂപ്പില്‍ അതൃപ്തി

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിത്വത്തില്‍ നിന്ന് ഐ ഗ്രൂപ്പ് നേതൃത്വത്തെ തഴഞ്ഞതും എ ഗ്രൂപ്പ് നേതാക്കളെ തിരുകി കയറ്റിയതിനുമെതിരേ കോണ്‍ഗ്രസ്സില്‍ അസ്വാരസ്യം പുകഞ്ഞുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം മുക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെ ത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മൈക്ക് പെര്‍മിഷനില്ലാത്തതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചുപോയ സംഭവത്തില്‍ ഐ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു. ഇതേതുടര്‍ന്ന് ഐ ഗ്രൂപ്പ് നേതൃത്വത്തില്‍ മുക്കത്ത് യോഗം ചേര്‍ന്നു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം ഭാരവാഹി, ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന നേതാവ്, നിരവധി മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഭവത്തില്‍ യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായും ആഭ്യന്തരമന്ത്രിക്ക് നേരിട്ട അപമാനത്തിന് ഉത്തരവാദിയായവര്‍ മറുപടി പറയണമെന്നും യോഗത്തില്‍ പങ്കെടുത്ത ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരമാവുന്നത് വരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും നേതൃയോഗം തീരുമാനിച്ചു.
നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം മുതല്‍ അതൃപ്തിയിലായ ഐ ഗ്രൂപ്പ് നേതൃത്വം കഴിഞ്ഞ ദിവസത്തെ പ്രശ്‌നം കൂടിയായപ്പോള്‍ ഏറെ രോഷാകുലരാണ്. ആഭ്യന്തരമന്ത്രിയുടെ പൊതുയോഗത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it