മേവാനിയുടേത് വിമതരെയും ബിജെപിയെയും എതിരിട്ട് നേടിയ ജയം

അഹ്മദാബാദ്: വാദ്ഗാമില്‍ ബിജെപിയെയും കോണ്‍ഗ്രസ്സിലെ വിമതരെയും ഒരേസമയം നേരിട്ട് ജിഗ്്‌നേഷ് മേവാനി നേടിയത് ആവേശമുണ്ടാക്കുന്ന വിജയം. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായ വാദ്്ഗാമില്‍ 19,696 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മേവാനി ജയിച്ചത്. 21,839 ആയിരുന്നു 2012ല്‍ ജയിച്ച മണിലാല്‍ വഗേലയുടെ ഭൂരിപക്ഷം. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിന് മേവാനിയുടെ കാര്യത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും സിറ്റിങ് സീറ്റ് മേവാനിക്ക് നല്‍കിയതില്‍ സം സ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നു. അഹ്മദാബാദ് സ്വദേശിയായ മേവാനി മണ്ഡലത്തിലെ ദലിത്, മുസ്്‌ലിം വോട്ടര്‍മാരുടെ സാധ്യതകണ്ടാണ് വാദ്ഗാം തിരഞ്ഞെടുത്തത്. 2.16 ലക്ഷം പേരാണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍. വാദ്ഗാം താലൂക്കില്‍ 2011ലെ സെന്‍സസ് പ്രകാരം മുസ്്‌ലിംകള്‍ 25.3 ശതമാനവും ദലിത് 16.2 ശതമാനവുമാണ്. കഴിഞ്ഞ 4 തിരഞ്ഞെടുപ്പിലും തുടര്‍ച്ചയായി ഇവിടെ കോണ്‍ഗ്രസാണ് വിജയിച്ചത്. പുറത്തുനിന്നുള്ളവര്‍ ഇവിടെ മല്‍സരിച്ച് പലതവണ ജയിച്ചു പോയിട്ടുണ്ട്. ദീസക്കാരനായ കോണ്‍ഗ്രസ്സിന്റെ ദോലത്ത് പാര്‍മര്‍ 1998ല്‍ 35,000 വോട്ടിന്റെയും 2002ല്‍ 65,000 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2007ല്‍ സീറ്റ് ബിജെപി പിടിച്ചു. എന്നാല്‍, 2012ല്‍ കോണ്‍ഗ്രസ്സിന്റെ മണിലാല്‍ വഗേല സീറ്റ് തിരികെ പിടിച്ചു. തങ്ങളുടെ ഉറച്ചവോട്ടുകള്‍ പോലും ജിഗ്നേഷിന് ലഭിക്കുമെന്ന് ഉറപ്പു പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിരുന്നില്ല. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ദോലത്ത് ഭായ് പാര്‍മര്‍ തന്റെ മകന്‍ അശ്വിന്‍ ഭായിയെ ഇവിടെ സ്വതന്ത്രനായി മല്‍സരിപ്പിച്ചത് ജിഗ്്‌നേഷിനുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. 2007ല്‍ തോറ്റെങ്കിലും ജനപ്രീതിയുള്ള നേതാവാണ് ദോലത്ത്ഭായ്. ആറു സ്വതന്ത്രര്‍ക്ക് പുറമെ ബിഎസ്പിയും മല്‍സരിച്ച മണ്ഡലത്തില്‍ എല്ലാവരും കൂടി കോണ്‍ഗ്രസ് വോട്ടുകള്‍ വിഭജിച്ചെടുത്ത് ബിജെപിയെ വിജയിപ്പിക്കുമെന്ന ആശങ്കയുയര്‍ന്നതാണ്. മണ്ഡലത്തിലെ ശക്തമായ മുസ്്‌ലിം വോട്ടുബാങ്ക് വര്‍ഷങ്ങളായി കോണ്‍ഗ്രസ്സിനൊപ്പമാണ്. അത് പൂര്‍ണമായും ജിഗ്്‌നേഷിന് ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നു. ചക്രവര്‍ത്തി വിജയകുമാര്‍ ഹര്‍ഖാഭായിയായിരുന്നു ബിജെപി സ്ഥാനാര്‍ഥി..
Next Story

RELATED STORIES

Share it