kozhikode local

മേല്‍പ്പാലം ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖല യിലൂടെ; നിര്‍മാണം അനാവശ്യമെന്ന്‌

കോഴിക്കോട്: നഗരത്തെ രണ്ടായി പിളര്‍ത്തി കടന്നു പോകുന്നതാണ് കോഴിക്കോടിന്റെ റെയില്‍പാത അതുകൊണ്ട് തന്നെ ഒന്നു മുതല്‍ ആറു വരെയുള്ള റെയില്‍വെ ഗേറ്റുകളുടെ പേരിലായിരുന്നു സ്ഥലങ്ങള്‍ അറിയപ്പെട്ടിരുന്നത്.
ഇവയില്‍ ഒന്നാം ഗേറ്റിലും, മൂന്നാം ഗേറ്റിലും അഞ്ചാം ഗേറ്റിലും റെയില്‍വെ മേല്‍പ്പാലം വന്നു. തൊട്ടടുത്ത ഫ്രാന്‍സിസ് റോഡ് ഗേറ്റിലും മേല്‍പ്പാലം വന്നു. ഏറെ പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് പന്നിയങ്കരയിലും മേല്‍പ്പാലം പണിതത്. ഇപ്പോള്‍ ഈ രണ്ട് മേല്‍പ്പാലങ്ങള്‍ക്കുമിടയില്‍ ‘വട്ടാംപൊയിലില്‍’ റെയില്‍വെ മേല്‍പ്പാലം പണിയാന്‍ അനുമതി നല്‍കിയിരിക്കുന്നു.
ഫ്രാന്‍സിസ് റോഡില്‍ മേല്‍പ്പാലം വന്നതോടെ തെക്കുംതല, കുറ്റിച്ചിറ, മുഖദാര്‍, കോതി ഭാഗങ്ങളിലെ ആയിരങ്ങള്‍ക്ക് യാത്രാക്ലേശം തീര്‍ന്നിരുന്നു. വട്ടാംപൊയിലില്‍ മേല്‍പ്പാലം പണിയുന്നതുകൊണ്ട് പള്ളിക്കണ്ടി, എണ്ണപ്പാടം ഭാഗത്തേക്കുള്ളവര്‍ക്ക് മാത്രമേ ഉപയോഗപ്പെടൂ.
പാലത്തിനായി സ്ഥലമെടുക്കുമ്പോഴാകട്ടെ ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടത്തെ വീടുകള്‍ ഒഴിപ്പിക്കേണ്ടതായുംവരും. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാലം ഫ്രാന്‍സിസ് റോഡിലെ എ കെ ജി മേല്‍പ്പാലത്തിലേക്ക് ചെന്നവസാനിക്കുന്ന വിധം പണിയുകയാണെങ്കില്‍ ഫ്രാന്‍സിസ് റോഡ് പുഷ്പ ജങ്ഷനിലെ (കുപ്പികഴുത്ത് പോലുള്ള) തിരക്ക് കുറയുക എന്ന ഒരു ഉപകാരം നടക്കും. രണ്ട് മേജര്‍ റെയില്‍പാലങ്ങള്‍ക്കിടയില്‍ കോടികള്‍ മുടക്കി പാലം പണിയുന്നത് റെയില്‍വെയുടെ ആവശ്യത്തിനായിരിക്കാം. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിടാന്‍ ഒരു പുതിയ ട്രാക്കിന്റെ ആവശ്യമുണ്ട്. ഇതിനായി ഒരു മേല്‍പ്പാലം തന്നെ പണിയേണ്ടതുണ്ടോ. മേല്‍പാലം പണിയുന്നതോടെ ഇപ്പോഴുള്ള റെയില്‍പാതയുടെ പടിഞ്ഞാറുഭാഗത്തെ റോഡും ഇല്ലാതാകും. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഒരു പാലം പൊളിച്ചു നീക്കി ആക്രികടക്കാര്‍ക്ക് വിറ്റു തുലച്ചവരാണ് നമ്മുടെ ഉന്നതര്‍. ഒരു പൈതൃക സമ്പത്തായി സൂക്ഷിച്ചു വെക്കേണ്ടതായിരുന്നു ആ ഇരുമ്പ് പാലം. അതിനു പകരം വെക്കാന്‍ ഇനി ഒരു പാലത്തിനും സാധിക്കില്ല.
Next Story

RELATED STORIES

Share it