malappuram local

മേല്‍പാല നിര്‍മാണം; അങ്ങാടിപ്പുറത്ത് നാളെ മുതല്‍ വണ്‍വേ

പെരിന്തല്‍മണ്ണ: മേല്‍പ്പാല നിര്‍മാണ ഭാഗമായി അങ്ങാടിപ്പുറം വഴിയുള്ള യാത്ര ഒരുമാസത്തേയ്ക്ക് വണ്‍വേയാക്കുമെന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. അപ്രോച്ച് റോഡിന്റെ വീതി കുറഞ്ഞത് ഗതാഗതക്കുരുക്കിടയാക്കിയതാണ് കാരണം.
നാളെ രാവിലെ ആറുമുതല്‍ ജനുവരി 10 വരെയാണ് വണ്‍വേ സംവിധാനം ഉണ്ടാക്കുക. മേല്‍പ്പാല നിര്‍മാണം ജനുവരി 31ന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുചക്രം, മുച്ചക്ര വാഹനങ്ങള്‍, ആംബുലന്‍സ്, അഗ്നിശമനസേന, പോലിസ്, കെഎസ്ഇബി തുടങ്ങിയവയെ നിയന്ത്രണത്തില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. തരകന്‍ ഹൈസ്‌കൂളിന്റെബസും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. പെരിന്തല്‍മണ്ണയില്‍നിന്ന് മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ബസുകളും വലിയ വാഹനങ്ങളും പട്ടിക്കാട് വഴി പോകണം.
വളാഞ്ചേരിയിലെയ്ക്കുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബസുകള്‍ പുലാമന്തോള്‍ ഓണപ്പുട വഴി പോവണം. മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് പെരിന്തല്‍മണ്ണയിലേയ്ക്കു വരുന്ന ബസുകള്‍ അങ്ങാടിപ്പുറം തളി ജങ്ഷനില്‍ യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം.
ചെറിയ വാഹനങ്ങളെ ഒരാടംപാലം വലമ്പൂര്‍,പട്ടിക്കാട് റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. എഫ്‌സിഐ, വേയര്‍ ഹൗസ് എന്നിവയിലേയ്ക്കുള്ള ചരക്ക് ലോറികള്‍ക്ക് പുലര്‍ച്ചെ 12 മുതല്‍ മൂന്നുവരെ രാത്രി മാത്രമായി പരിമിതപ്പെടുത്തി. ദേശീയ പാതയുടെ ഓരങ്ങളില്‍ രാത്രിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല.
യാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും കടന്നുപോകാന്‍ അങ്ങാടിപ്പുറം ബാങ്കിനു മുന്നിലൂടെ നടപ്പാത ഉടന്‍ പൂര്‍ത്തിയാകും.
ഗതാഗത നിയന്ത്രണത്തിനും ബസുകള്‍ക്ക് സമയം അനുവദിക്കുന്നതിനും പോലിസ് മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയതായും സബ് കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it