Flash News

മേല്‍ജാതിക്കാരുടെ അതിക്രമം : ദലിത് മാധ്യമ പ്രവര്‍ത്തകന്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചു



ന്യൂഡല്‍ഹി: മേല്‍ജാതിക്കാരുടെ അതിക്രമങ്ങളിലും അതിനോട് ഭരണകൂടം പുലര്‍ത്തുന്ന മൗനത്തിലും പ്രതിഷേധിച്ച് ഗുജറാത്തിലെ ദലിത് മാധ്യമപ്രവര്‍ത്തകന്‍ തനിക്കുലഭിച്ച സംസ്ഥാന അവാര്‍ഡും തുകയും തിരിച്ചേല്‍പ്പിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുനില്‍ ജാദവാണ് വെള്ളിയാഴ്ച രാജ്‌കോട്ട് കലക്ടര്‍ വിക്രന്ത് പാണ്ഡ്യേക്ക് തിരിച്ചേല്‍പ്പിച്ചത്. 2011ല്‍ ലഭിച്ച മഹാത്മാ ജ്യോതിബാ ഫൂലേ പുരസ്‌കാരവും 25,000 രൂപയുമാണ് തിരികെയേല്‍പ്പിച്ചത്. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനു കീഴിലുള്ള സാമൂഹികനീതി വകുപ്പാണ് പുരസ്‌കാരം വിതരണം ചെയ്തിരുന്നത്. ദലിത് എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് സുനില്‍ ജാദവ് കലക്ടറേറ്റിലെത്തിയത്. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ നടപടിയിലുള്ള പ്രതിഷേധസൂചകമായി തന്റെ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് ഈവര്‍ഷമാദ്യം തന്നെ സുനില്‍ ജാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ കഴിഞ്ഞയാഴ്ചകളില്‍ സഹാറന്‍പൂരില്‍ ദലിതുകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം കലക്ടര്‍ക്ക് തന്റെ ബഹുമതികള്‍ തിരിച്ചേല്‍പ്പിച്ചത്. ഇന്ത്യ ഒരു സൂപ്പര്‍ ശക്തിയായി വളരാന്‍ ആഗ്രഹിക്കുമ്പോഴും ദലിതരെ 18ും 19ഉം നൂറ്റാണ്ടുകളിലെ അതേ സാഹചര്യത്തില്‍ തന്നെ തളച്ചിടുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും സുനില്‍ ജാദവ് മാധ്യമങ്ങളോടു പറഞ്ഞു.കഴിഞ്ഞ ജൂലൈയില്‍ പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ച് ഉനയില്‍ ദലിത് യുവാക്കളെ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ദലിത് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അമൃത് മകവാന പുരസ്‌കാരം തിരികെയേല്‍പ്പിച്ചിരുന്നു. സുനില്‍ജാദവിനൊപ്പം കലക്ടറെ കാണാന്‍ അമൃത് മകവാനയും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it