മേല്‍ക്കോയ്മ തിരികെ പിടിക്കാന്‍ യുഡിഎഫ്; കാറ്റ് വലത്തോട്ട് വീശാതിരിക്കാന്‍ എല്‍ഡിഎഫ്

എസ് ഷാജഹാന്‍

മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ 2011ലെ നഷ്ടപ്പെട്ട മേല്‍ക്കോയ്മ തിരികെ പിടിക്കാന്‍ യുഡിഎഫും ഇടത്തോട്ട് വീശീയ കാറ്റ് വലത്തോട്ട് വീശാതിരിക്കാന്‍ എല്‍ഡിഎഫും കച്ചമുറുക്കിയിരിക്കുകയാണ് പത്തനംതിട്ടയില്‍. ഇതിനിടയില്‍ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് എന്‍ഡിഎയും തയ്യാറെടുക്കുന്നു. സോളാര്‍ വിവാദവും കസ്തൂരി രംഗന്‍-ഗാഡ്ഗില്‍ റിപോര്‍ട്ടുകളും ജില്ലയില്‍ ചര്‍ച്ച ചെയ്യപ്പെടുമെങ്കിലും ജില്ലയുടെ വാണിജ്യ മേഖലയെ തകര്‍ത്തെറിഞ്ഞ റബര്‍ കര്‍ഷകരുടെ സാമ്പത്തിക ദുരിതങ്ങളും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കുമായിരിക്കും തിരഞ്ഞെടുപ്പുകാലത്ത് കൂടുതല്‍ പ്രാധാന്യമുണ്ടാവുക.
വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. പാര്‍ലമന്റ്- തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നല്‍കിയ പുത്തന്‍ ഉണര്‍വില്‍ ബിജെപിയും രംഗത്തെത്തുന്നു. എസ്ഡിപിഐ, കേരളാ കോണ്‍ഗ്രസ് (സെക്കുലര്‍), വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ പ്രസ്ഥാനങ്ങളും തങ്ങളുടെ ശക്തമായ സാന്നിധ്യം ജില്ലയിലും അറിയിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. തിരുവല്ല, കല്ലൂപ്പാറ, ആറന്മുള, പത്തനംതിട്ട, അടൂര്‍, കോന്നി, റാന്നി എന്നിങ്ങനെയായിരുന്നു 2006 വരെയുള്ള മണ്ഡലങ്ങളുടെ നില. പത്തനംതിട്ട ആറന്മുളയിലും കല്ലൂപ്പാറ തിരുവല്ലയിലും ലയിപ്പിച്ചപ്പോള്‍ മണ്ഡലങ്ങള്‍ അഞ്ചായി ചുരുങ്ങി. പുനസ്സംഘടനയോടെ കല്ലൂപ്പാറ കൈമോശം വന്നപ്പോള്‍ നഷ്ടം സംഭവിച്ചത് കേരളാ കോണ്‍ഗ്രസ്സിനും ജോസഫ് എം പുതുശ്ശേരിക്കുമാണ്. കേരളാ കോണ്‍ഗ്രസ്(എം)ന് വളക്കൂറുള്ള മണ്ണാണെന്ന് തെളിയിച്ച കല്ലൂപ്പാറയെ തിരുവല്ലയെന്ന് പുനര്‍നിര്‍ണയിച്ച 2006 മുതല്‍ രണ്ടു തവണയും വിജയിച്ചത് ജനതാദള്‍ (എസ്) നേതാവ് മാത്യു ടി തോമസാണ്. കേരളാ കോണ്‍ഗ്രസ് (എം) കൈവശം വച്ചിരിക്കുന്ന സീറ്റ് തിരിച്ചുപിടിച്ച് ഇടതുമുന്നണിയെ പിന്തള്ളാമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ തിരുവല്ലയില്‍ ഒരങ്കത്തിന് തയ്യാറെടുത്തേക്കും. കോണ്‍ഗ്രസ് തിരുവല്ലയില്‍ മ*ല്‍സരത്തിനുറച്ചാല്‍ ജോസഫ് എം പുതുശ്ശേരി റാന്നിയിലെത്തും. കോണ്‍ഗ്രസ്സിന് ബാലികേറാമലയായി മാറിയ റാന്നി തിരിച്ചു പിടിക്കുകയെന്ന ദൗത്യമായിരിക്കും ജോസഫ് എം പുതുശ്ശേരിക്ക് മുന്നിലുള്ളത്.
പുനസ്സംഘടനക്ക് മുമ്പും പിമ്പും ശ്രദ്ധേയമായ മണ്ഡലമാണ് ആറന്മുള. നേരത്തേ 1977ല്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ജോര്‍ജ് മാത്യു തുടങ്ങിവച്ച വിജയചരിത്രം പിന്നീടങ്ങോട്ട് സ്വതന്ത്രനായും കോണ്‍ഗ്രസ് ടിക്കറ്റിലും മത്സരിച്ച് ജില്ലയുടെ ശില്‍പി കെ കെ നായര്‍ സ്വന്തമാക്കിയ മണ്ഡലമാണ് ആറന്മുളയില്‍ ലയിപ്പിച്ച പത്തനംതിട്ട. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് വേണ്ടി സീറ്റ് നിലനിര്‍ത്തിയ കെ ശിവദാസന്‍ നായര്‍ തന്നെയാണ് ഇക്കുറിയും ആറന്മുളയില്‍ യുഡിഎഫിന് വേണ്ടി തേരുതെളിക്കുന്നത്. പോള്‍ ചെയ്ത 66.01 ശതമാനം വോട്ടില്‍ 47.69 ശതമാനം നേടിയാണ് ശിവദാസന്‍ നായര്‍ രാജഗോപാലിനെ 2011ല്‍ തറപറ്റിച്ചത്. കോന്നി മുന്‍ എംഎല്‍എയും വിമാനത്താവള വിരുദ്ധ സമര നേതാവുമായ സിപിഎമ്മിലെ എ പത്മകുമാറാവും ഇടതു സ്ഥാനാര്‍ഥി. സുരേഷ് ഗോപി, എം ടി രമേശ് അടക്കമുള്ളവരെയാണ് ബിജെപി രംഗത്തിറക്കാന്‍ ശ്രമിക്കുന്നത്. വ്യക്തമായ കോണ്‍ഗ്രസ് അനുഭാവം വച്ചുപുലര്‍ത്തുന്ന മറ്റൊരു മണ്ഡലമാണ് കോന്നി. അടൂര്‍ പ്രകാശിനെ 1996 മുതല്‍ തുടര്‍ച്ചയായി നിയമസഭാംഗം ആക്കിയ മണ്ഡലം. നാലു തവണ മാത്രമാണ് ഇവിടെ ഇടതുമുന്നണി ജയിച്ചത്. 2011ല്‍ പോള്‍ചെയ്ത വോട്ടില്‍ 50 ശതമാനവും നേടിയാണ് അടൂര്‍ പ്രകാശ് സിപിഎമ്മിലെ എം എസ് രാജേന്ദ്രനെ തോല്‍പിച്ചത്. കോന്നിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ മേല്‍ക്കൈ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എസ്എന്‍ഡിപി യോഗം പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ് കെ പത്മകുമാറിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെഡിഎസ് നിര്‍ദേശിച്ചേക്കും. അടൂരില്‍ 12 തിരഞ്ഞെടുപ്പുകളില്‍ ആറു തവണ വിജയിച്ചത് കോണ്‍ഗ്രസ്സാണ്. 1991 മുതല്‍ 2006 വരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തുടര്‍ച്ചയായി നിയമസഭയില്‍ എത്തിച്ച മണ്ഡലം. 1977, 1982 വര്‍ഷങ്ങളില്‍ തെന്നല ബാലകൃഷ്ണ പിള്ളയും ഇവിടെ നിന്നു വിജയിച്ചു. അഞ്ച് തവണ ഇടതുപക്ഷം ജയമറിഞ്ഞു. രണ്ടു തവണ സിപിഎമ്മും 2011ല്‍ അടക്കം മൂന്നു തവണ സിപിഐയും വിജയിച്ചു. കേരളാ കോണ്‍ഗ്രസ് ഒരു തവണയും വിജയിച്ചു. 2011ല്‍ സിപിഐയുടെ ചിറ്റയം ഗോപകുമാര്‍ കോണ്‍ഗ്രസ്സിന്റെ പന്തളം സുധാകരനുമായി ഇഞ്ചോടിഞ്ച് മത്സരിച്ച് വിജയിച്ചു. 70.08 ശതമാനം രേഖപ്പെടുത്തിയ വോട്ടില്‍ 47 ശതമാനം നേടിയാണ് ഇദ്ദേഹം സീറ്റ് നേടിയത്. അടൂരില്‍ കോണ്‍ഗ്രസ്സിന് വേണ്ടി മുന്‍ നഗരസഭാ ചെയര്‍മാന്‍ ബാബു ദിവാകരന്‍, പന്തളം സുധാകരന്റെ സഹോദരനും മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ കെ പ്രതാപന്‍, ജില്ലാ പഞ്ചായത്തംഗം എം ജി കണ്ണന്‍ എന്നിവരുടെ പേരും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചേക്കാം. 1957ലാണ് റാന്നിയില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. പിന്നീടുള്ള 15 തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ കൂറുകാട്ടിയത് ഇടതുപക്ഷത്തോട്. 1996 മുതല്‍ തുടര്‍ച്ചയായി നാല് തവണ ഇടതുപക്ഷത്തെ രാജു എബ്രഹാമിനെ നിയസഭയില്‍ എത്തിച്ചു. ക്‌നാനായാ സഭയുടെ സ്വാധീനം ഇത്തവണയും രാജു എബ്രഹാമിനെ തുണയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. ക്‌നാനായാ സഭാംഗവും ഡിവൈഎഫ്‌ഐ നേതാവുമായ റോഷന്‍ റോയി മാത്യുവിനെയും റാന്നിയില്‍ സിപിഎം പരിഗണിക്കുന്നതായി സൂചനയുണ്ട്. കോണ്‍ഗ്രസ്സിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. മാത്യു കുഴല്‍നാടന്റെ പേരാണ് മുഖ്യമായും പരിഗണനയിലുള്ളത്.
Next Story

RELATED STORIES

Share it