മേല്‍ക്കൈ തേടി ബാഴ്‌സയും ബയേണും

ബാഴ്‌സലോണ/മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇന്ന് നടക്കുന്ന ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ മറ്റൊരു സ്പാനിഷ് ടീമായ അത്‌ലറ്റികോ മാഡ്രിഡിനെ എതിരിടുമ്പോള്‍ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയെ നേരിടും.
നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് വോള്‍ഫ്‌സ്ബര്‍ഗിനെ യും ഗ്ലാമര്‍ പോരില്‍ പിഎസ്ജി മാഞ്ചസ്റ്റര്‍ സിറ്റിയെയും എതിരിടും. ഈ മാസം 12, 13 തിയ്യതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാംപാദ മല്‍സരങ്ങള്‍ അരങ്ങേറുന്നത്.
സ്പാനിഷ് ടീമുകളായ ബാഴ്‌സയും അത്‌ലറ്റികോയും തമ്മിലുള്ള മാറ്റുരയ്ക്കലാണ് ഇന്നത്തെ ശ്രദ്ധേയ പോരാട്ടം. സ്പാനിഷ് ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന രണ്ട് ടീമുകളാണ് ബാഴ്‌സയും അത്‌ലറ്റികോയും.
സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയ്ക്കു ശേഷമാണ് ബാഴ്‌സ തങ്ങളുടെ തട്ടകത്തിലേക്ക് അത്‌ലറ്റികോയെ വരവേല്‍ക്കുന്നത്. ശനിയാഴ്ച നാട്ടുകാര്‍ക്കു മുന്നില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനോട് 1-2ന്റെ തോല്‍വി വഴങ്ങിയ ബാഴ്‌സ വിജയവഴിയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
അപരാജിതരായി 39 മല്‍സരങ്ങള്‍ക്കു ശേഷമുള്ള ബാഴ്‌സയുടെ ആദ്യ തോല്‍വി കൂടിയായിരുന്നു റയലിനെതിരേയുള്ളത്. അത്‌ലറ്റികോയ്‌ക്കെതിരേ മികച്ച റെക്കോഡാണ് ബാഴ്‌സയ്ക്കുള്ളത്.
വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ അവസാനമായി ആറു തവണ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ ആറിലും ബാഴ്‌സയ്‌ക്കൊപ്പമായിരുന്നു വിജയം. കളിയുടെ കണക്കില്‍ പിന്നിലാണെങ്കിലും ബാഴ്‌സയ്ക്ക് കടിഞ്ഞാനിടാനുള്ള കഠിന പ്രയത്‌നത്തിലാണ് അത്‌ലറ്റികോ.
അതേസമയം, സ്വന്തം തട്ടകത്തില്‍ ബെന്‍ഫിക്കയ്‌ക്കെതിരേ മികച്ച വിജയം ലക്ഷ്യമിട്ടാണ് ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ കച്ചമുറുക്കുന്നത്. സീസണിനു ശേഷം ക്ലബ്ബ് വിടാനൊരുങ്ങുന്ന പരിശീലകന്‍ പെപ് ഗ്വാ ര്‍ഡിയോളയുടെ ലക്ഷ്യങ്ങളിലൊന്നാണ് ചാംപ്യന്‍സ് ലീഗ് കിരീടം.
ബെന്‍ഫിക്കയ്‌ക്കെതിരേ മികച്ച റെക്കോഡാണ് ബയേണിനുള്ളത്. ബെന്‍ഫിക്കയ്‌ക്കെതിരേ ആറു തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും ബയേണ്‍ വെന്നിക്കൊടി നാട്ടി. ആദ്യപാദത്തിലെ രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
Next Story

RELATED STORIES

Share it