palakkad local

മേലാള മനോഭാവവും പീഡനവും; ബിജെപിയെ ദലിതുകള്‍ കൈവെടിയുന്നു

കെ കെ പരമേശ്വരന്‍

കൂറ്റനാട്: ദലിത് വിഭാഗങ്ങളോട് പുലര്‍ത്തുന്ന മേലാള മനോഭാവത്തിലും, ദലിതുകളെ ചുട്ടു കൊല്ലുന്നതിലും അവഹേളിക്കുന്നതിലും പ്രതിഷേധിച്ചും ദലിതുകള്‍ സംഘപരിവാരങ്ങളെ കൈവിടുന്നു. ഒക്ടോബര്‍ 25 ന് 'തേജസ്' ദിനപത്രം ''ദലിത് വിരുദ്ധ പരാമര്‍ശം: ബിജെപി പട്ടികജാതി സ്ഥാനാര്‍ഥികള്‍ അമ്പരപ്പില്‍'' എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിരവധി ദലിതുകളാണ് ബിജെപിയില്‍ നിന്നും ഇപ്പോള്‍ അകലുന്നത്. കഴിഞ്ഞ ദിവസം ബിജെപി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതും ഇതിന്റെ ഭാഗമായി കാണാം. സംഘപരിവാര ശക്തികളുടെ സഹായത്തോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതരെ ചുട്ടുകൊല്ലുന്നതിലും കേന്ദ്ര മന്ത്രി ദലിതരെ പട്ടിയോട് ഉപമിച്ചതിലും പ്രതിഷേധിച്ചായിരുന്നു ബിജെപി വനിതാ നേതാവ് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി കെ കമലസ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്.
സ്വന്തം സഹോദരങ്ങളുടെ ജീവന് വില കല്‍പ്പിക്കാത്തവര്‍ക്കൊപ്പം എങ്ങനെ നടക്കാനാവും എന്ന ചിന്ത പങ്കുവച്ചെങ്കിലും ജീവന് ഭീഷണി ഉണ്ടാവും എന്നതിനാല്‍ പല ദലിത് ബിജെപി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ രംഗത്ത് മൗനം പാലിക്കുന്നതായും തേജസ് വാര്‍ത്ത നല്‍കി. മന്ത്രി വികെ സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ദലിതുകള്‍ക്കിടയില്‍ ഉണ്ടായ ആശയ ധ്രുവീകരണമാണ് ബിജെപിയില്‍ നിന്നും അകലാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. ഹരിയാനയില്‍ ദലിത് കുടുംബത്തിലെ രണ്ട് കുട്ടികളെ ചുട്ടു കൊന്നതും, അമ്പലത്തിന്റെ ഇറയത്ത് കയറി നിന്നതിന്റെ പേരില്‍ ദലിത് വൃദ്ധനെ തല്ലി കൊന്നതും, തമിഴ്‌നാട്ടിലും ബാംഗ്ലൂരിലും ദലിത് എഴുത്തുകാര്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റവും, പ്രാവിനെ മോഷ്ടിച്ചെന്ന കുറ്റം ചുമത്തിയ ദലിത് ബാലന്‍ ആത്മഹത്യ ചെയ്തതും, ദലിത് വിഭാഗങ്ങളിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്തതുമൊക്കെ കേരളത്തിലെ ദലിത് വിഭാഗങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ബിജെപിയുടെ യഥാര്‍ത്ഥ മുഖം ദലിതുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതിന്റെ അനുരണനങ്ങള്‍ വരും ദിനങ്ങളില്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് പല ദലിത് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.
Next Story

RELATED STORIES

Share it