thrissur local

മേയറും ഡെപ്യൂട്ടി മേയറും വനിതകള്‍; ചരിത്രം കുറിക്കാന്‍ കോര്‍പറേഷന്‍

തൃശൂര്‍: കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് 14നും വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 12നും നടക്കും. രാവിലെ 11നാണ് രണ്ട് തിരഞ്ഞെടുപ്പുകളും. എല്‍ഡിഎഫിലെ ധാരണയനുസരിച്ച് ഡെപ്യൂട്ടി മേയര്‍ സിപിഎമ്മിലെ വര്‍ഗീസ് കണ്ടംകുളത്തിയും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിപിഐയിലെ അജിത വിജയനും രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്.
വരണാധികാരി ജില്ലാകലക്ടര്‍ ഡോ. എ കൗശികന്‍ ആണ് യോഗം വിളിച്ചിട്ടുള്ളത്. ഡെപ്യൂട്ടി മേയറെ കൗണ്‍സിലിലെ 55 അംഗങ്ങളും ചേര്‍ന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് തിരഞ്ഞെടുക്കുക. ഡെപ്യൂട്ടി ചെയര്‍മാന്‍ ആരാവണമെന്നത് സംബന്ധിച്ച് സിപിഐ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവില്‍ ധനകാര്യ കമ്മിറ്റിയില്‍ അംഗമായ ബീന മുരളിയാവാനാണ് സാധ്യത. ഒരു വര്‍ഷത്തേക്കാണ് സിപിഐക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം. വര്‍ഷം കഴിഞ്ഞാല്‍ സ്ഥാനം സിപിഎമ്മിന് തിരിച്ചു നല്‍കണം. അടുത്ത ഒരു വര്‍ഷം മേയര്‍ സ്ഥാനവും സിപിഐക്ക് ലഭിക്കും. അജിത വിജയനായേക്കും മേയര്‍. സിപിഐക്കും മൂന്ന് വനിത അംഗങ്ങളേയുള്ളൂ. അടിയൊഴുക്കുകളൊന്നും ഉണ്ടായില്ലെങ്കില്‍ മേയറും ഡെപ്യൂട്ടി മേയറും വനിതകളാകുന്ന സംസ്ഥാനത്തെ പ്രഥമ കോര്‍പറേഷനാവും തൃശൂര്‍.
ജനതാ ദളിലെ (എസ്)ഷീബ ബാബുവാവും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. ഏഴംഗ കമ്മിറ്റിയില്‍ നാലുപേര്‍ ഇടതുപക്ഷത്താണ്. ബീന മുരളിയാണ് ഡെപ്യൂട്ടി മേയര്‍ ആകുന്നതെങ്കില്‍ വര്‍ഗീസ് കണ്ടംകുളത്തി ധനകാര്യ കമ്മിറ്റിയില്‍ അംഗമായി തുടരും. അജിത വിജയനാണ് ഡെപ്യൂട്ടി മേയറാവുന്നതെങ്കില്‍ കമ്മിറ്റി അംഗങ്ങളിലും മാറ്റം വേണ്ടിവരും. 55 അംഗ കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് 26 അംഗങ്ങളേയുള്ളൂ.
ബിജെപി-കോണ്‍ഗ്രസ് സഖ്യം സാധ്യമല്ലാത്തതിനാല്‍ ആ നിലയിലുള്ള അട്ടിമറിക്ക് സാധ്യതയില്ല. കോണ്‍ഗ്രസ്സിലെ സ്വതന്ത്രാംഗം കുട്ടിറാഫിയെ സിപിഐ കുപ്പായമണിയിച്ച് ഡെപ്യൂട്ടി മേയറാക്കാന്‍ സിപിഎം നീക്കം നടത്തിയെങ്കിലും സിപിഐ ആ നിര്‍ദ്ദേശം തള്ളിയതിനാല്‍ നീക്കം പരാജയപ്പെട്ടു
. താന്‍ എല്‍ഡിഎഫിലേക്ക് മാറുന്ന പ്രശ്‌നമേയില്ലെന്ന് കുട്ടിറാഫി പറഞ്ഞു. എല്‍ഡിഎഫിലെ സിഎംപി സ്വതന്ത്രനായ ടാക്‌സ് ആന്റ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ പി സുകുമാരന്‍ എല്‍ഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന അവസ്ഥയുമുണ്ട്.
എല്‍ഡിഎഫ് ഭരണത്തിന് ഫലത്തില്‍ നേതൃത്വം നല്‍കുന്ന വര്‍ഗ്ഗീസ് കണ്ടംകുളത്തിയുടെ അനിവാര്യത ചൂണ്ടികാട്ടി സുകുമാരനെ ഒഴിവാക്കി കണ്ടംകുളത്തിയെ ടാക്‌സ് ആന്റ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാനാക്കി സ്റ്റിയറിങ്ങ് കമ്മിറ്റിയില്‍ കൊണ്ടുവരാന്‍ നീക്കമുണ്ടായെങ്കിലും സുകുമാരന്റെ നിഷേധം മൂലം നടന്നില്ല.
മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ എം പി ശ്രീനിവാസനെ രാജിവപ്പിച്ച് കണ്ടംകുളത്തിയെ ചെയര്‍മാനാക്കുന്നതിനും ആലോചനകള്‍ നടന്നെങ്കിലും കണ്ടംകുളത്തിയുമായി ഇടഞ്ഞ് കൗണ്‍സില്‍ യോഗ ബഹിഷ്‌കരണസമരം നടത്തി വുരന്ന ശ്രീനിവാസനെ ഒഴിവാക്കുന്നതു ആപത്താകുമെന്ന ചിന്തയും പാര്‍ട്ടി നേതൃത്വത്തിലുണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it