thrissur local

മേയര്‍ക്കു നാക്കുപിഴ : കോര്‍പറേഷന്‍ കൗണ്‍സില്‍യോഗത്തില്‍ ഉന്തുംതള്ളും



തൃശൂര്‍: കോര്‍പറേഷന്‍ കൗ ണ്‍സില്‍യോഗത്തില്‍ ഭരണപക്ഷത്തിന് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് അജണ്ടയിലെ ഇനങ്ങള്‍ റദ്ദാക്കേണ്ട ഗതികേട്. കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി 12 അജണ്ടകള്‍ തള്ളികളഞ്ഞ് യോഗം തുടര്‍ന്നു. ഇതിനിടെ മേയര്‍ അബദ്ധത്തില്‍ വോട്ടെടുപ്പ് നടത്താമെന്ന് പറഞ്ഞു. ഉടന്‍ തന്നെ പറഞ്ഞത് പിന്‍വലിച്ച് മേയര്‍ ഇറങ്ങിപ്പോയി. നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ രംഗങ്ങള്‍ക്കൊടുവില്‍ യോഗം പിരിച്ചു വിട്ടതായി അറിയിച്ച് മേയര്‍ കൗണ്‍സില്‍ വിട്ടു. നാക്കുപിഴയിലൂടെ അജണ്ടയിലെ ഒരിനത്തില്‍ വോട്ടെടുപ്പിനു അനുമതി നല്‍കിയ മേയര്‍ നിലപാടു മാറ്റിയതിനെ തുടര്‍ന്നുണ്ടായ ബഹളം ഉന്തിലും തള്ളിലുമെത്തി. കൗണ്‍സില്‍ അജണ്ട വായിക്കാന്‍ പുറത്തുനിന്ന് എത്തിയ ക്ലര്‍ക്കിന്റെ കൈയില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കാന്‍ വനിതാഅംഗങ്ങള്‍ രംഗത്തിറങ്ങിയപ്പോഴാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. രണ്ടുതവണ മൈക്ക് തട്ടിയെറിഞ്ഞുവെങ്കിലും ഭരണപക്ഷം വലയം തീര്‍ത്തുനിന്നു. ഇതിനിടെയാണ് ഉന്തുംതള്ളും ഉണ്ടായത്. മുതിര്‍ന്ന നേതാക്കള്‍ പിടിച്ചുമാറ്റി. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍  ന്യുനപക്ഷമായ ഇടതുപക്ഷത്തിനെതിരേ പ്രതിപക്ഷം യോജിച്ചു പൊരുതിയപ്പോഴാണ് അത്യസാധാരണ സംഭവങ്ങളുണ്ടായത്.  കോര്‍പറേഷന്‍ ചരിത്രത്തില്‍ ഇത്തരം നടപടി ഇതാദ്യം. ഇതോടെ കോര്‍പറേഷനില്‍ ഭരണസ്തംഭനമായി. സാധാരണ ചര്‍ച്ച നടക്കുമ്പോള്‍ ഒന്നോ രണ്ടോ അജന്‍ഡകളില്‍ വിയോജിപ്പും വോട്ടെടുപ്പും നടക്കാറുണ്ട്. എന്നാല്‍ മിനിറ്റ്‌സ് തിരുത്തിയെന്നും അതു റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഒരുമാസത്തിലേറെയായി നിസഹകരണത്തിലാണ്. കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഭൂരിപക്ഷമില്ലാതാകുകയും പ്രതിപക്ഷം ഒന്നിക്കുകയും ചെയ്തപ്പോഴാണ് ഭരണപക്ഷം തലയൂരാന്‍ എതിരാളികള്‍ക്കൊപ്പം കൂടിയത്. അജണ്ടയില്‍ ഓരോ ഇനങ്ങള്‍ വായിക്കുമ്പോഴും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. വോട്ടെടുപ്പുണ്ടായാല്‍ പരാജയപ്പെടുമെന്നുറപ്പിച്ച ഭരണപക്ഷം അജണ്ട റദ്ദാക്കുന്നതായി പ്രഖ്യാപിച്ച് വോട്ടെടുപ്പില്‍ നിന്നു രക്ഷപ്പെട്ടു. പ്രതിപക്ഷമാകട്ടെ വോട്ടെടുപ്പ് വേണമെന്ന് ആവര്‍ത്തിച്ചു ഭരണപക്ഷത്തെ കുത്തിനോവിച്ചു. അതിനിടെ മേയര്‍ക്കു നാക്കുപിഴയുണ്ടായതു ഇടതുപക്ഷത്തിനു ക്ഷീണമായി.  മേയര്‍ അജിത ജയരാജന്‍ 12ാം അജണ്ടയില്‍ വോട്ടെടുപ്പിന് അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചശേഷം അതില്‍ നിന്നു പിന്‍വലിഞ്ഞു. അതോടെ വന്‍ ബഹളമായി. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മേയറെ വളഞ്ഞ് ചോദ്യംചെയ്തു. അബദ്ധത്തില്‍ പറഞ്ഞുപോയതാണെന്നും അജണ്ട റദ്ദാക്കുന്നുവെന്നും മേയര്‍ തിരുത്തിപ്പറഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ വഴങ്ങിയില്ല. വോട്ടെടുപ്പു വേണമെന്ന്  നിര്‍ബന്ധിച്ചു.ബഹളത്തിനിടെ 13 മുതല്‍ 93 വരെയുള്ള അജണ്ടകള്‍ ഗില്ലറ്റിന്‍ ചെയ്ത് അംഗീകരിച്ചതായി പിന്നീട് മേയര്‍ അറിയിച്ചു. എന്നാല്‍ ഇതിനെതിരേ പരാതി നല്‍കുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. നിസഹായരായി മാറിയ ഇടതുപക്ഷ അംഗങ്ങള്‍ യോഗം പിരിച്ചുവിടാന്‍ പരമാവധി പ്രകോപനമുണ്ടാക്കാന്‍ തുടക്കത്തിലേ നോക്കിയെങ്കിലും പ്രതിപക്ഷം  തലവെച്ചു കൊടുത്തില്ല. വോട്ടെടുപ്പ് നിര്‍ദേശം ആവര്‍ത്തിച്ച് അവര്‍ ഭരണപക്ഷത്തെ കശക്കി.
Next Story

RELATED STORIES

Share it