wayanad local

മേപ്പാടി റോഡ് നിര്‍മാണത്തില്‍ കരാര്‍ ലംഘനം; കലക്ടറുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി; നാട്ടുകാര്‍ ഹൈവേ ഉപരോധിക്കും

മേപ്പാടി: കല്‍പ്പറ്റ-മേപ്പാടി റോഡ് നിര്‍മാണത്തില്‍ കരാര്‍ ലംഘനം നടക്കുന്നുണ്ടെന്ന് കോട്ടവയല്‍ അനശ്വര ക്ലബ്ബില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. റോഡില്‍ കുഴിയെടുത്തിട്ടുള്ള ഭാഗങ്ങളില്‍ കരാര്‍ പ്രകാരം ചരലും തുടര്‍ന്ന് ക്വാറി വേസ്റ്റും ചേര്‍ത്തതിനുശേഷമാണ് ബോളര്‍ നിരത്തേണ്ടത്. എന്നാല്‍ ഇത് പാലിക്കുന്നില്ല. ഗുണമേന്മ ഉറപ്പു വരുത്തി ജനുവരി 31ന് റോഡ് തുറന്നുകൊടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് കരാറുകാരന്‍ റോഡുപണി നടത്തുന്നത്.
റോഡ് മുഴുവനായും പൊളിച്ചു നീക്കിയിരിക്കുകയാണ്. പ്രവര്‍ത്തിക്കായി റോഡില്‍ ഗതാഗതം നിരോധിച്ചത് ഡിസംബര്‍ ഏഴിനാണ്. ഒരു മാസം പിന്നിട്ടിട്ടും റോഡുപണിയില്‍ യാതൊരു പുരോഗതിയുമില്ല. കലുങ്കിന്റെ പണിയാണ് ആകെ നടക്കുന്നത്. എന്നാല്‍ ഇതും ഇഴഞ്ഞുനീങ്ങുകയാണ്. വിനായക കോളനി ഭാഗത്തുള്ള പാലത്തിന്റെ നിര്‍മാണം പകുതിപോലും ആയിട്ടില്ല. റോഡ് അടച്ചതോടെ കാപ്പംകൊല്ലി മുതല്‍ കല്‍പ്പറ്റ വരെയുള്ള പ്രദേശവാസികള്‍ കടുത്ത യാത്രാ ദുരിതത്തിലായിരിക്കുകയാണ്.
രോഗികള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, ആദിവാസികള്‍ അടക്കമുള്ള നിരവധി പ്രദേശവാസികളുടെ ഏക ആശ്രയമായ റോഡ് ബദല്‍ സംവിധാനങ്ങളില്ലാതെ അടച്ചിട്ടും കരാറുകാരന്‍ അനാസ്ഥ കാണിക്കുകയാണ്. റോഡുപണി ഏറ്റവുമധികം ബാധിക്കുന്നത് വിദ്യാര്‍ഥികളെയാണ്. കല്‍പ്പറ്റവരെയെത്താന്‍ ജീപ്പിന് 10 രൂപ നല്‍കണം. രണ്ടോ അതിലധികമോ കുട്ടികളുള്ള വീടാണെങ്കില്‍ ഒരു മാസം ഭീമമായ തുകയാണ് അധിക ബാധ്യത വരുന്നത്.
പരീക്ഷാക്കാലമായതിനാല്‍ പലര്‍ക്കും പല സമയത്താണ് ക്ലാസ്സില്‍ പോവേണ്ടത്. പത്താം ക്ലാസ്സുകാര്‍ക്കും പ്ലസ്-ടു വിദ്യാര്‍ഥികള്‍ക്കും സ്‌പെഷ്യല്‍ ക്ലാസ്സും പഠന ക്യാംപും ഉള്ളതിനാല്‍ ക്ലാസ്സു കഴിഞ്ഞ് ചുണ്ടേല്‍ വഴി എത്തുമ്പോഴേക്കും രാത്രിയാവും. ടാക്‌സി വണ്ടികള്‍ പലപ്പോഴും അമിത ചാര്‍ജ് ഈടാക്കുന്നുണ്ട്. ട്രിപ്പ് വിളിക്കുകയാണെങ്കില്‍ കോട്ടവയല്‍ വരെ ഓട്ടോറിക്ഷയ്ക്ക് 100 രൂപ കൊടുക്കണം. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പോലും ദുരിതമനുഭവിക്കുകയാണ്.
ബദലായി ഉപയോഗിക്കുന്ന റാട്ടക്കൊല്ലി റോഡിന്റെ സ്ഥിതി ശോചനീയമാണ്. കല്ലുകള്‍ തെറിച്ചുകിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. എത്രയും വേഗം റോഡ് തുറന്നുകൊടുക്കാന്‍ നടപടിയില്ലെങ്കില്‍ ഹൈവേ ഉപരോധമടക്കമുള്ള പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡന്റ് ആന്‍സണ്‍ ടി എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റഷീദ് കെ എ, വിപിന്‍ കെ പി, ബിജു വി സി, ചന്ദ്രശേഖരന്‍, വിജേഷ് പി ജെ, എസ് സതീശന്‍, സി ആര്‍ രാധാകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it