മേനകാ ഗാന്ധിയുടെ ഇടപെടലില്‍ കേരളത്തിന് പ്രതിഷേധം

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരേ തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ശാസിച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധിച്ചു. തെരുവുനായ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കിയ മന്ത്രി മഞ്ഞളാംകുഴി അലിയാണ് കേരളത്തിന്റെ പ്രതിഷേധം അറിയിച്ചത്.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് മേനകാ ഗാന്ധി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. തെരുവുനായ നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടെ ചില അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള എതിര്‍ ഇടപെടലുകള്‍ ശരിയല്ലെന്നും മന്ത്രി അലി പറഞ്ഞു. തെരുവു നായ്ക്കളില്‍ നിന്നു ജനങ്ങളെ രക്ഷിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഭയ്ക്ക് ഉറപ്പുനല്‍കി.
വന്ധ്യംകരണമാണ് തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമായ മാര്‍ഗം. തിരുവനന്തപുരം കോര്‍പറേഷന്‍ എബിസി പദ്ധതിയുടെ ഭാഗമായി ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനലിന്റെ നേതൃത്വത്തില്‍ ഈവര്‍ഷം 1041 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു. കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും സജ്ജീകരിച്ച് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തെരുവുനായ പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മൃഗസംരക്ഷണവകുപ്പ് ഒരു മാസ്സീവ് വാക്‌സിനേഷന്‍ ആന്റ് സ്റ്റെറിലൈസേഷന്‍ പ്രോഗ്രാം നടത്തിവരികയാണ്. വീട്ടില്‍ വളര്‍ത്തുന്നത് ഉള്‍പ്പെടെ എല്ലാ നായ്ക്കളെയും കുത്തിവയ്ക്കാനും സ്റ്റെറിലൈസ് ചെയ്യാനുമാണ് പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it