Pathanamthitta local

മേധാവിത്വം പ്രതീക്ഷിച്ച് എല്‍ഡിഎഫ്; മൂന്നില്‍ കുറയില്ലെന്ന് യുഡിഎഫ്

പത്തനംതിട്ട: വോട്ടെടുപ്പ് സംബന്ധിച്ച അവസാനകണക്കുകള്‍ പുറത്തുവന്നതോടെ വര്‍ധിച്ച പോളിങ് ശതമാനത്തിന്റെ ആനുകൂല്യം ആരെ തുണയ്ക്കുമെന്ന കണക്കെടുപ്പുകളുമായി മുന്നണികള്‍.
അഞ്ചുമണ്ഡലങ്ങളിലും കൂടി 71.66 ശതമാനം പേരാണ് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.44 ശതമാനം വോട്ടുകളാണ് ഇത്തവണ കൂടുതല്‍ പോള്‍ ചെയ്തത്.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും കൂടുതല്‍ പേര്‍ വോട്ടു ചെയ്യാനെത്തിയത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വ്യക്തമായ മേധാവിത്വത്തോടെ ജില്ലയില്‍ ഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് ഇടതുനേതാക്കള്‍ പറയുന്നത്.
അതേസമയം, മൂന്നു സീറ്റുകളില്‍ കുറയാത്ത വിജയം ഉണ്ടാവുമെന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു.
റാന്നിയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാംപ്.
ആറന്മുള
ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആറന്മുളയില്‍ 5.15 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ പോളിങില്‍ ഉണ്ടായത്. 226324 വോട്ടര്‍മാരില്‍ 160605 പേര്‍ ഇവിടെ വോട്ടു ചെയ്തു. സ്ത്രീവോട്ടര്‍മാരുടെ ഭാഗത്തു നിന്നു മികച്ച പ്രതികരണമാണ് ഇത്തവണ ആറന്മുളയിലുണ്ടായത്. കഴിഞ്ഞതവണ 65.81 ശതമാനം വോട്ടു രേഖപ്പെടുത്തിയപ്പോള്‍, 6511 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശിവദാസന്‍നായര്‍ വിജയിച്ചത്.
10227 വോട്ടുകളാണ് അന്ന് ബിജെപി നേടിയത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് 23771 ആയി ഉയര്‍ന്നപ്പോള്‍, യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ടുവിഹിതം കുറയുകയായിരുന്നു. അതുകൊണ്ടു തന്നെ, ഇത്തവണ ബിജെപി പിടിക്കുന്ന വോട്ടുകള്‍ അന്തിമഫലത്തില്‍ നേര്‍ക്കുനേരെ പ്രതിഫലിക്കും. ക്രിസ്ത്യന്‍ വോട്ടുകളില്‍ ഉണ്ടായ ധ്രുവീകരണത്തിനു പുറമേ, മുസ്‌ലിംവോട്ടുകളില്‍ നല്ലൊരുപങ്കും തങ്ങള്‍ക്ക് ഇത്തവണ ലഭ്യമായതായി എല്‍ഡിഎഫ് അവകാശപ്പെടുന്നു. തികഞ്ഞ ആത്മവിശ്വാസമാണ് എല്‍ഡിഎഫ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ പരമ്പരാഗത വോട്ടുബാങ്കില്‍ കാര്യമായ വിള്ളല്‍ വീണിട്ടില്ലെന്ന വിശ്വാസമാണ് യുഡിഎഫിനുള്ളത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വീണാജോര്‍ജിന് അനുകൂലമായി വിധിക്കുമ്പോള്‍, അന്തിമഫലം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കളവാണെന്ന് തെളിയിക്കുമെന്നാണ് കെ ശിവദാസന്‍ നായര്‍ പറയുന്നത്.
റാന്നി
ജില്ലയില്‍ ഏറ്റവും ശക്തമായ മല്‍സരം നടന്ന മറ്റൊരു മണ്ഡലമായ റാന്നിയില്‍ വോട്ടെടുപ്പു കഴിഞ്ഞതോടെ ഉറച്ച ആത്മവിശ്വാസമാണ് യുഡിഎഫ് പ്രകടിപ്പിക്കുന്നത്. ബിഡിജെഎസ് സ്ഥാനാര്‍ഥി കെ പത്മകുമാര്‍ മികച്ച മുന്നേറ്റം നടത്തുമെന്ന എന്‍ഡിഎയുടെ പ്രതീക്ഷ പ്രാവര്‍ത്തികമായാല്‍ ക്ഷീണം സംഭവിക്കുക സിപിഎമ്മിനാവുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് കടുത്ത മല്‍സരം നടന്നുവെന്ന് സിപിഎം വിലയിരുത്തുന്നുണ്ടെങ്കിലും അന്തിമഫലം അനുകൂലമാവുമെന്ന പ്രതീക്ഷ എല്‍ഡിഎഫ് വച്ചുപുലര്‍ത്തുന്നു. 189610 വോട്ടുകളില്‍ 133442 വോട്ടുകളാണ് റാന്നിയില്‍ പോള്‍ ചെയ്തത്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍, 1.85 ശതമാനം കൂടുതലാണ്.
2011 ല്‍ 68.53 ശതമാനം പോളിങ് നടന്നപ്പോള്‍, 6614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജു ഏബ്രഹാം വിജയിച്ചത്.
7442 വോട്ടുകള്‍ നേടിയ ബിജെപിയുടെ വോട്ടുകള്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ 18531 ആയി ഉയര്‍ന്നു. യുഡിഎഫ് ലീഡ് നേടിയ മണ്ഡലത്തില്‍, 2011നെ അപേക്ഷിച്ച് സിപിഎം വോട്ടുകളിലാണ് അന്ന് കൂടുതല്‍ ഇടിവ് സംഭവിച്ചത്.
എസ്എന്‍ഡിപിയുടെ സ്വാധീന കേന്ദ്രമായ റാന്നിയില്‍, ബിഡിജെഎസ് വോട്ടുകള്‍ കൂടി ചേരുന്നതോടെ കുതിച്ചുകയറ്റം നടത്താമെന്നാണ് എന്‍ഡിഎയുടെ കണക്കുക്കൂട്ടല്‍.
അടൂര്‍
74.52 ശതമാനം പേര്‍ വോട്ടുചെയ്ത അടുരിലാണ് ഇത്തവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. യുഡിഎഫും എല്‍ഡിഎഫും ഒരേപോലെ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. പ്രചാരണ രംഗത്ത് അവസാനറൗണ്ടില്‍ നടത്താന്‍ കഴിഞ്ഞ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
എന്നാല്‍, പോളിങ് ശതമാനത്തിലെ വര്‍ധന തങ്ങള്‍ക്ക് തുണയാകുമെന്ന വിലയിരുത്തലാണ് എല്‍ഡിഎഫിനുള്ളത്. 194721 വോട്ടര്‍മാരില്‍ 142526 പേരാണ് മണ്ഡലത്തില്‍ വോട്ടു ചെയ്തത്. 4.76 ശതമാനം വര്‍ധന പോളിങില്‍ ഉണ്ടായി. 69.76 ശതമാനം പോളിങ് നടന്ന 2011 ല്‍ 607 വോട്ടുകളുടെ നേരിയ ഭൂരിപക്ഷമാണ് ചിറ്റയം ഗോപകുമാറിന് ലഭിച്ചത്. 6210 വോട്ടുകള്‍ നേടിയ ബിജെപി, ലോകസഭാ തിരഞ്ഞെടുപ്പില്‍ 22796 ആക്കി നില മെച്ചപ്പെടുത്തി.
തിരുവല്ല
സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് തിരുവല്ല. 69.29 ശതമാനം പേരാണ് ഇത്തവണ തിരുവല്ലയില്‍ വോട്ടു ചെയ്തത്.
കേരള കോണ്‍ഗ്രസ്സിന് കാര്യമായ ക്ഷീണം സംഭവിക്കുമെന്ന എക്‌സിറ്റ്‌പോള്‍ ഫലം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്. പതിവുപോലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ കണക്കിലെടുക്കേണ്ടതില്ലെന്നതാണ് യുഡിഎഫ് നിലപാട്.
207825 വോട്ടര്‍മാരില്‍ 143994 പേരാണ് ഇത്തവണ തിരുവല്ലയില്‍ വോട്ടുചെയ്തത്.
65.38 ശതമാനം പോളിങ് നടന്ന 2011 ല്‍ 10767 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് മാത്യു ടി തോമസ് വിജയം ഉറപ്പാക്കിയത്. ബിജെപി നേടിയ 7646 വോട്ടുകള്‍ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 19526 ആയി വര്‍ധിച്ചു.
കോന്നി
മന്ത്രി അടൂര്‍ പ്രകാശ് മല്‍സരിക്കുന്ന മണ്ഡലമെന്ന നിലയില്‍ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധനേടിയ കോന്നിയില്‍ യുഡിഎഫ് വിജയം ഉറപ്പാക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം മുന്‍വര്‍ഷത്തേക്കാള്‍ കുറയുമെന്നാണ് വിലയിരുത്തല്‍.
പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞതാണ് ഇതിനു കാരണം.
194721 വോട്ടര്‍മാരില്‍ 142526 പേരാണ് ഇത്തവണ കോന്നിയില്‍ വോട്ടു ചെയ്തത്. 1.14 ശതമാനത്തിന്റെ വര്‍ധനയാണ് പോളിങില്‍ ഉണ്ടായത്. 74.21 ശതമാനം സ്ത്രീവോട്ടര്‍മാരും 72.05 ശതമാനം പുരുഷ വോട്ടര്‍മാരും വോട്ടുരേഖപ്പെടുത്തി. 72.05 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2011 ല്‍ 7774 വോട്ടുകളായിരുന്നു അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം. ബിജെപിയുടെ 5994 വോട്ടുകള്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ 18222 ആയി.
Next Story

RELATED STORIES

Share it