മേജര്‍ മനോജ്കുമാറിന്റെ കുടുംബത്തിന് അഞ്ചുസെന്റ് സ്ഥലവും വീടും

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ കേന്ദ്ര ആയുധസംഭരണ ശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച മേജര്‍ കെ മനോജ്കുമാറിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഞ്ചു സെന്റ് സ്ഥലവും 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മനോജ്കുമാറിന്റെ മാതാപിതാക്കളുടെ ജീവിതകാലം മുഴുവന്‍ 5000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും. മാനോജിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിനല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. അതു നിരസിക്കപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുങ്ങിമരിച്ചവര്‍ക്ക് രണ്ടുലക്ഷം രൂപ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവര്‍ക്ക് നേരത്തെ ഒരുലക്ഷം രൂപ അനുവദിച്ചിരുന്നു. സ്‌കൂള്‍ പ്രവേശന ദിവസം സ്‌കൂള്‍ വരാന്തയിലെ തൂണ് തകര്‍ന്നുവീണു മരിച്ച മുഖത്തല എംജിടിഎച്ച്എസിലെ നിശാന്തിന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നല്‍കും. പാലക്കാടു ജില്ലയില്‍ കഴിഞ്ഞദിവസം ഷോക്കേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കും. എറണാകുളത്ത് അയല്‍വാസിയാല്‍ കൊല്ലപ്പെട്ട ക്രിസ്റ്റി ജോണിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ അനുവദിക്കും. പെരിയാര്‍വാലി കനാലില്‍ മുങ്ങിമരിച്ച അജയന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
Next Story

RELATED STORIES

Share it