Flash News

മേജര്‍ ഗൊഗോയിയെ സൈനിക കോടതി വിചാരണ ചെയ്യും

സിദ്ദീഖ ്കാപ്പന്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി അനാശാസ്യത്തിനു ശ്രമിക്കുന്നതിനിടെ പിടിയിലായ മേജര്‍ ലീതുല്‍ ഗൊഗോയിയെ സൈനിക വിചാരണ നടത്താന്‍ ഉത്തരവ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഹോട്ടലില്‍ എത്തുകയും ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണു ഗൊഗോയിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്.
കശ്മീരില്‍ കല്ലേറ് തടുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിനു മുന്നില്‍ വച്ചുകെട്ടിയിട്ട് കിരാത നടപടിയിലൂടെ കുപ്രസിദ്ധി നേടിയ സൈനിക ഉദ്യോഗസ്ഥനാണു  ഗൊഗോയി. അനാശാസ്യത്തിനു പിടിയിലായ ഇയാളെ സൈനിക കോടതിയില്‍ വിചാരണ നടത്തി അന്വേഷണത്തിനു ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നു കരസേന ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മേജര്‍ ഗൊഗോയി കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കുമെന്ന്  കരസേനാ മേധാവി ബിപിന്‍ റാവത്ത് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കോടതി വിചാരണയ്ക്കുള്ള ഉത്തരവില്‍ സൈനിക മേധാവി ഇതുവരെ ഒപ്പു വച്ചിട്ടില്ല. അതിനാല്‍ അന്വേഷണം എന്നു മുതല്‍ ആരംഭിക്കുമെന്നു വ്യക്തമല്ല. മേജര്‍ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കും. ഇന്ത്യന്‍ സൈന്യത്തിലെ ഏത് ഉദ്യോഗസ്ഥന്‍ കുറ്റകൃത്യങ്ങള്‍ ചെയ്താലും കര്‍ശനമായ ശിക്ഷ നല്‍കുമെന്നും കരസേനാ മേധാവി പറഞ്ഞിരുന്നു. എന്നാല്‍, നേരത്തെ യുവാവിനെ സൈനിക വാഹനത്തിനു മുകളില്‍ കെട്ടിയിട്ട ഇദ്ദേഹത്തെ സൈന്യവും സംസ്ഥാന പോലിസും സ്തുത്യാര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിക്കുകയായിരുന്നു എന്നതിനാല്‍, സൈനിക മേധാവിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നാണു റിപോര്‍ട്ടുകള്‍. അതേസമയം, ഗൊഗോയിക്കൊപ്പം എത്തിയ പെണ്‍കുട്ടിക്കു 17 വയസ്സാണെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി. ഗൊഗോയി സംഭവത്തിനു മുമ്പ് രണ്ട് തവണ അര്‍ധരാത്രിയില്‍ തങ്ങളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. മറ്റൊരു സൈനികന്റെ കൂടെയാണ് ഇദ്ദേഹം വീട്ടില്‍ വന്നത്.
വീട്ടില്‍ തങ്ങള്‍ വന്ന കാര്യം ആരോടും പറയരുതെന്ന് അദ്ദേഹം പറഞ്ഞതായും കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണു കശ്മീരില്‍ കല്ലേറ് പ്രതിരോധിക്കാനെന്ന പേരില്‍ ഫാറൂഖ് അഹ്ദ് ദാര്‍ എന്ന യുവാവിനെ ഗൊഗോയി മനുഷ്യകവചമായി ജീപ്പിന് മുന്നില്‍ കെട്ടിവച്ച് കിലോ മീറ്ററുകളോളം വണ്ടി ഓടിച്ചത്.  സംഭവം വിവാദമായിരുന്നു.
Next Story

RELATED STORIES

Share it