മേജര്‍ ആര്‍ച്ച് ബിഷപ് അടക്കമുള്ളവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണം

കോഴിക്കോട്: ആര്‍ച്ച് ബിഷപ്് അടക്കമുള്ള സഭാനേതൃത്വത്തിനെതിരേ ക്രിമിനല്‍ക്കേസ് എടുക്കണമെന്ന് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭൂമിക്കച്ചവട കുംഭകോണം, കുട്ടനാട് വികസനസമിതിയുടെ പേരിലുള്ള തട്ടിപ്പ്, വരുമാന നികുതി, കാര്‍ഷികാദായ വരുമാന നികുതി, മിച്ചഭൂമി, റെന്റ് കണ്‍ട്രോള്‍ ആക്റ്റ്, ന്യൂനപക്ഷാവകാശം തുടങ്ങിയ ഇനത്തില്‍ ഇളവുകള്‍ കരസ്ഥമാക്കിക്കൊണ്ടുള്ള രൂപതാ മെത്രാന്മാരുടെ വഞ്ചനയും തട്ടിപ്പും ഖജനാവ് ചൂഷണവും ഇന്ത്യന്‍ ഭരണഘടനയ്ക്കു വിരുദ്ധമാണ്.
എറണാകുളം അതിരൂപതാ ബിഷപ് ജോര്‍ജ് ആലഞ്ചേരി നടത്തിയ ഭൂമിതട്ടിപ്പിനു സമാനമായി ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പും താമരശ്ശേരി-മാനന്തവാടി രൂപതാ ബിഷപ്പുമാരും മറ്റും സഭയുടെ ഭൂമികള്‍ വില്‍പന നടത്തി വന്‍ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സിറോ മലബാര്‍ സഭയിലെ രൂപതാ ബിഷപ്പുമാര്‍ ബലവത്തായ പള്ളികള്‍ പൊളിച്ച് ഇടവക ജനങ്ങളില്‍ നിന്ന് നിര്‍ബന്ധ പിരിവെടുത്ത് നിര്‍മാണം നടത്തുകയും അതേസമയം, വിദേശരാജ്യങ്ങളില്‍ പോയി ഇടവകജനം അറിയാതെ പണം സമാഹരിച്ച് വഞ്ചനയും തട്ടിപ്പും നടത്തിവരുകയാണ്. മെത്രാന്മാര്‍ നടത്തുന്ന തട്ടിപ്പും വഞ്ചനയും സംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് അടക്കമുള്ള എല്ലാ രൂപതാ ബിഷപ്പുമാര്‍ക്കെതിരേയും ക്രിമിനല്‍ ക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് മേല്‍നടപടികള്‍ സ്വീകരിക്കണം. അതിനാവശ്യമായ തെളിവുകള്‍ നല്‍കാന്‍ കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ തയ്യാറാണ്. പ്രസിഡന്റ് വിന്‍സെന്റ് മാത്യു അധ്യക്ഷത വഹിച്ചു.
ഈ മാസം 10നു ചേര്‍ന്ന യോഗത്തില്‍ ജോസ് പി തേനേത്ത്, ജോര്‍ജ് മാത്യു, പി എം ജോസഫ്, എന്‍ ജെ ജോണ്‍, ടി ഒ വര്‍ക്കി, വി വി ജോസ്, ഷാജി ജോര്‍ജ്, ജോസ് മാത്യു, ഷാജി അറക്കല്‍, എം എല്‍ ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it