Gulf

മേഖലയിലെ ഇറാന്‍, ഇസ്രായേല്‍ സ്വാധീനം അപകടകരമെന്ന് അല്‍ജസീറ സെമിനാര്‍

ദോഹ: പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന ഇറാന്‍, ഇസ്രായേല്‍ സ്വാധീനം അപകടകരമാണെന്ന് അല്‍ജസീറ പഠന കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'അറബ് വസന്തത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍; നേട്ടങ്ങളും കോട്ടങ്ങളും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. പടിഞ്ഞാറുമായുള്ള അനുരഞ്ജന പ്രശ്‌നങ്ങളാണ് അറബ് രാജ്യങ്ങള്‍ നേരിടുന്ന അന്തര്‍ദേശീയ പ്രതിസന്ധി. ഒറ്റക്കെട്ടായ പരിശ്രമവും പുതിയ സഖ്യ നയവുമില്ലാതെ ഈ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിക്കില്ല. തര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ലാത്ത സന്തുലിതവും ഏകശിലാത്മകവുമായ വിദേശ നിലപാടുകള്‍ അറബ് രാജ്യങ്ങള്‍ക്കിടയിലുണ്ടാകണം.
റഷ്യ, ഇസ്രായേല്‍, ഇറാന്‍ എന്നീ മൂന്ന് ശക്തികളുടെ പദ്ധതികളാണ് മേഖലയില്‍ ഇപ്പോള്‍ നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് സിറിയന്‍ നാഷനല്‍ കൗണ്‍സില്‍ മുന്‍പ്രസിഡന്റും രാഷ്ട്രീയ, സാമൂഹിക വിദഗ്ധനുമായ പ്രഫ. ബുര്‍ഹാന്‍ ഗലിയൂന്‍ പറഞ്ഞു. പശ്ചിമേഷ്യയുടെ പടിഞ്ഞാറന്‍ സ്വാധീനത്തെ ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സിറിയയിലെ റഷ്യന്‍ ഇടപെടലെന്നും അസദ് ഭരണകൂടവും റഷ്യയും തമ്മിലെ സഹകരണ കരാറുകള്‍ ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്ക് ഭീഷണിയായി വരുന്ന ഏതൊരു ശക്തിയെയും തകര്‍ക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. മേഖലയിലെ മേധാവിത്വ ശക്തിയായി വളര്‍ന്നിരിക്കുന്ന ഇറാന്‍ നിലവിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് സ്വാധീന ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറബ് രാജ്യങ്ങള്‍ക്കുള്ള യഥാര്‍ഥ പിന്തുണയാണ് തുര്‍ക്കിയെന്നും അറബ് തുര്‍ക്കി സഖ്യം യാഥാര്‍ഥ്യമാകണമെന്നും ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ രാഷ്ട്രീയകാര്യ വിദഗ്ധന്‍ ഡോ. മുഹമ്മദ് അല്‍മുസ്ഫിര്‍ വ്യക്തമാക്കി.
തുനീസ്യന്‍ മുന്‍വിദേശകാര്യ മന്ത്രി റഫീഖ് അബ്ദുസ്സലാം, കെയ്‌റോ യൂനിവേഴ്‌സിറ്റി പ്രഫ. സെയ്ഫുദ്ദീന്‍ അബ്ദുല്‍ ഫതാഹ്, സൗദി ചിന്തകന്‍ അഹ്മദ് അല്‍തുവൈജിരി എന്നിവരും സെമിനാറില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it