kannur local

മെസ്സ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു; വിദ്യാര്‍ഥി സമരം മൂന്നാം ദിവസത്തിലേക്ക്‌

പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കുട്ടികള്‍ക്കായി സ്ഥാപിച്ച മെസ്സിലെ 15 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥികള്‍ നടത്തി വരുന്ന റിലേ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. യൂനിവേഴ്‌സിറ്റിയില്‍ താമസിച്ചു പഠിക്കുന്ന 1800 ഓളം പേരാണ് മെസ്സ് ഉപയോഗിക്കുന്നത്. 22ന് രാവിലെ 10 മുതല്‍ നാല് വിദ്യാര്‍ഥികളാണ് യൂനിവേഴ്‌സിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സമരം ആരംഭിച്ചത്.
അര്‍ച്ചന, അക്ഷര, സോനു, വിജയകുമാര്‍ എന്നീ പി ജി വിദ്യാര്‍ഥികളാണ് കഴിഞ്ഞ രണ്ട് ദിവസമായി സമരം നടത്തുന്നത്. ഏപ്രില്‍ 15 മുതല്‍ മെസ്സില്‍ ഭക്ഷണം ഉണ്ടാക്കുന്ന ചുമതല വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്നാണ് യൂനിവേഴ്‌സിറ്റി നിര്‍ദേശിച്ചത്. ഇപ്പോള്‍ കുട്ടികള്‍ ഭക്ഷണത്തിന് പ്രതിമാസം 2500 രൂപ നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ പാചകത്തിന്റെ വിലകൂടി നല്‍കേണ്ടി വന്നാല്‍ ഭീമമായ തുക ഭക്ഷണത്തിന് ചെലവാകും. നിലവില്‍ ഒരു തൊഴിലാളിക്ക് യൂനിവേഴ്‌സിറ്റി 18,000 രൂപയാണ് നല്‍കുന്നത്. ഏപ്രില്‍ 30ഓടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന ക്യാംപസുകള്‍ പെരിയയിലേക്ക് മാറുന്നതോടെ യൂനിവേഴ്‌സിറ്റി വാടക ഇനത്തില്‍ നല്‍കുന്ന ഭീമമായ തുക ലാഭിക്കാനാകും എന്നിട്ടും മെസ്സ് സൗകര്യം ഇല്ലാതാക്കുന്നത് വിദ്യാര്‍ഥികളോട് കാണിക്കുന്ന നീതി നിഷേധമാണെന്ന് വിദ്യാര്‍ഥി പ്രതിനിധി അശ്വതി നാരായണന്‍ പറഞ്ഞു.
ഏപ്രില്‍ മാസത്തില്‍ സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ജൂണില്‍ വീണ്ടും തിരിച്ചുവരുമ്പോള്‍ മെസ്സ് സൗകര്യം ഇല്ലാതാക്കാനാണ് യൂനിവേഴ്‌സിറ്റിയുടെ നീക്കം. എന്നാല്‍ കേന്ദ്ര സര്‍വകലാശാല ഇന്ത്യയില്‍ ഒരിടത്തും മെസ്സ് സൗകര്യം നല്‍കുന്നില്ലെന്നാണ് അധികൃതര്‍ വിദ്യാര്‍ഥികളോട് പറഞ്ഞത്. എന്നാല്‍ കര്‍ണാടക കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് മെസ്സ് സൗകര്യം നല്‍കുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ തന്നെ അധികൃതരെ അറിയിച്ചെങ്കിലും യൂനിവേഴ്‌സിറ്റി ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അഞ്ച് വര്‍ഷം കാലാവധിയുള്ള പിഎച്ച്ഡി വിദ്യാര്‍ഥികളെ നാല് വര്‍ഷത്തിന് ശേഷം ഹോസ്റ്റലില്‍നിന്ന് ഒഴിവാക്കാനും നീക്കം നടത്തുന്നുണ്ട്.
യൂനിവേഴ്‌സിറ്റി കഴിഞ്ഞ വര്‍ഷം സീറ്റ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പല കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിച്ചില്ല. പി കരുണാകരന്‍ എംപി ഇടപെട്ട് സര്‍വകലാശാലയ്ക്ക് പുറത്ത് സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു. വരും വര്‍ഷം കുട്ടികളുടെ ഹോസ്റ്റല്‍ പ്രശ്‌നവും സങ്കീര്‍ണമാവുമെന്നാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍ എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ചു.   യൂജിസിയുടെ നിര്‍ദേശപ്രകാരം അനുവദനീയമയതില്‍ കവിഞ്ഞ എല്ലാ താല്‍കാലിക നിയമനങ്ങളും നിര്‍ത്തലാക്കുവാന്‍ സര്‍വകലാശാല നിര്‍ബന്ധിതമായിരിക്കുയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 15 പേരെ പിരിച്ചുവിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.
2016-17 സാമ്പത്തിക വര്‍ഷം മാത്രം യൂജിസിയുടെ അംഗീകാരമില്ലാത്ത നിയമനം നടത്തിയതില്‍ 3.31 കോടി രൂപ അധികചെലലാണുണ്ടായിട്ടുള്ളത്. നിലവിലുള്ള 15 ഹോസ്റ്റല്‍ ജീവനക്കാരുടെ സേവനം ഏപ്രില്‍ 15ന് ശേഷം അവസാനിപ്പിക്കണമെന്നും തുടര്‍ന്നുവരുന്ന അധ്യയനവര്‍ഷത്തില്‍ മെസ്സ്‌നടത്തിപ്പ് പൂര്‍ണമായും വിദ്യാര്‍ഥികള്‍ തന്നെ വഹിക്കണമെന്നുമാണ് സര്‍വകലാശാല നിലപാട്.
ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നാലുവര്‍ഷംവരെയുള്ള തങ്ങളുടെ ഫെലോഷിപ്പ് കാലയളവില്‍ ഹോസ്റ്റലില്‍ താമസിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും നാലുവര്‍ഷം പിന്നിടുന്ന ഗവേഷക വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍സൗകര്യം നല്‍കേണ്ടിവരുമ്പോള്‍ ഓരോവര്‍ഷവും പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമല്ലാതാവുന്ന അവസ്ഥയുണ്ടാവുന്നതിനാല്‍ ഇവരോട് ഒഴിയണമെന്ന് നിര്‍ദേശിച്ചതെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it