Flash News

മെസ്സി രക്ഷകനായില്ല; ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കസാന്‍: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്ത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് വീഴ്ത്തി. ആദ്യപകുതിയില്‍ 1-1 സമനില പങ്കിട്ട ശേഷമായിരുന്നു ഫ്രാന്‍സ് വിജയം പിടിച്ചെടുത്തത്. എംബാപ്പ ഇരട്ട ഗോളുകളുമായി ഫ്രാന്‍സ് നിരയില്‍ പട നയിച്ചപ്പോള്‍ പവാര്‍ഡും അന്റോണിയും ഗ്രിസ്മാനും ഫ്രാന്‍സിനു വേണ്ടി ഗോളുകള്‍ നേടി. എയ്ഞ്ചല്‍ ഡി മരിയയും മെര്‍ക്കാഡോയും സെര്‍ജിയോ അഗ്യൂറോയുമാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍. ആവേശപ്പോരിന്റെ 13ാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ലീഡെടുത്തു. ഇടതു വിങിലൂടെ പന്തുമായി മുന്നേറിയ എംബാപ്പെയെ ബോക്‌സിനുള്ളില്‍ റോഹോ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റിയെ വലയിലാക്കി അന്റോണിയോ ഗ്രിസ്മാനാണ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍, ആദ്യ പകുതി പിരിയുന്നതിനു മുമ്പുതന്നെ അര്‍ജന്റീന സമനില പിടിച്ചു. എവര്‍ ബനേഗയുടെ പാസ് പിടിച്ചെടുത്ത എയ്ഞ്ചല്‍ ഡി മരിയ തൊടുത്ത മിന്നല്‍ ഷോട്ട് ഫ്രാന്‍സ് ഗോള്‍വല തുളയ്ക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-1 സമനില പങ്കിട്ടാണ് ഇരു ടീമും പിരിഞ്ഞത്. ആവേശകരമായ രണ്ടാം പകുതിയില്‍ ആദ്യം ലീഡെടുത്തത് അര്‍ജന്റീനയായിരുന്നു. 48ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ ലയണല്‍ മെസ്സി തൊടുത്ത ഇടങ്കാല്‍ ഷോട്ട് മെര്‍ക്കാഡോയുടെ കാലില്‍ തട്ടി വലയിലാവുകയായിരുന്നു. സമനിലയ്ക്കായി പൊരുതിക്കളിച്ച ഫ്രാന്‍സ് 57ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഫെര്‍ണാണ്ടസിന്റെ കൃത്യതയാര്‍ന്ന ക്രോസിനെ ഒരു ഹാഫ് വോളിയിലൂടെ പവാര്‍ഡ് വലയിലെത്തിക്കുകയായിരുന്നു. മല്‍സരം 2-2 എന്ന നിലയിലേക്ക്.പിന്നീടങ്ങോട്ട് എംബാപ്പ എന്ന 19കാരന്‍ കസാന്‍ സ്റ്റേഡിയം കീഴടക്കുകയായിരുന്നു. 64ാം മിനിറ്റിലും 68ാം മിനിറ്റിലും എംബാപ്പയുടെ കാലുകള്‍ക്കു മുന്നില്‍ അര്‍ജന്റീനയുടെ പ്രതിരോധ കോട്ട തകര്‍ന്നതോടെ 4-2ന് ആധിപത്യം ഫ്രാന്‍സിനൊപ്പം നിന്നു. മല്‍സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ സെര്‍ജിയോ അഗ്യൂറോ അര്‍ജന്റീനയുടെ അക്കൗണ്ടില്‍ ഒരു ഗോള്‍ കൂടി ചേര്‍ത്തെങ്കിലും വിജയത്തിലേക്കത് മതിയാവുമായിരുന്നില്ല.
Next Story

RELATED STORIES

Share it