മെസ്സി ദി ലെജന്റ്...

സൂറിക്ക്: ഫുട്‌ബോളെന്നാല്‍ അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയെന്ന തരത്തിലേക്ക് ഉത്തരം ചുരുങ്ങുകയാണ്. കാല്‍പന്തുകളിയിലെ രാജാവിനുള്ള ഫിഫയുടെ ബാലണ്‍ഡിയോര്‍ പുരസ്‌കാരം അഞ്ചാം വട്ടവും കൈക്കലാക്കിയാണ് മെസ്സി ചരിത്രത്തിലേക്ക് നടന്നുകയറിയത്. നാലു തവണ ലോക ഫുട്‌ബോളര്‍ പട്ടം കൈക്കലാക്കിയ താരം നേരത്തേ തന്നെ റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ചിരുന്നു. ഒരിക്കല്‍ക്കൂടി ബാലണ്‍ഡിയോറില്‍ മുത്തമിട്ടതോടെ മെസ്സി സമാനതകളില്ലാത്ത താരമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു തവണയും ജേതാവായ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ര ണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് മെസ്സി സ്വര്‍ണക്കപ്പ് തിരിച്ചുപിടിച്ചത്. 2009 മുതല്‍ 12 വരെ തുടര്‍ച്ചായി നാലു തവണ മെസ്സി വിജയിയായപ്പോള്‍ കഴിഞ്ഞ രണ്ടു വട്ടവും ക്രിസ്റ്റിയാനോയായിരുന്നു വിജയി. അവസാന എട്ട് അവാര്‍ഡുകള്‍ മെസ്സിയും ക്രിസ്റ്റ്യാനയും മാത്രമേ നേടിയിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയം.
ഇത്തവണ അവാര്‍ഡ് പ്രഖ്യാപനത്തിനു മുമ്പു തന്നെ മെസ്സി പുരസ്‌കാരം ഉറപ്പിച്ചിരുന്നു. മെസ്സിക്ക് അനുകൂലമായി 41.33 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 27.76 ശതമാനം വോട്ടുകളുമായി ക്രിസ്റ്റ്യാനോ രണ്ടാമതെത്തി. ആദ്യമായി അവസാന മൂന്നംഗ പട്ടികയിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് 7.86 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ അഞ്ചു ടൂര്‍ണമെ ന്റുകളില്‍ ജേതാക്കളാക്കിയ പ്രകടനമാണ് മെസ്സിയെ മുന്നിലെത്തിച്ചത്.
മുന്‍ ലോക ഫുട്‌ബോളറും ബ്രസീലിന്റെ സൂപ്പര്‍ താരവുമായ കക്കയില്‍ നിന്നാണ് മെസ്സി പുരസ്‌കാരം ഏറ്റുവാങ്ങിയത്. അമേരിക്കന്‍ ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായ കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ താരം. ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റിക്വെ മികച്ച പുരുഷ കോച്ചായും അമേരിക്കന്‍ ടീം പരിശീലക ജില്‍ എല്ലിസ് മികച്ച വനിതാ കോച്ചായും തിരഞ്ഞെടുക്കപ്പെട്ടു.
സ്വപ്‌നം കണ്ടതിനേക്കാള്‍ വലിയ നേട്ടം: മെസ്സി
കുട്ടിക്കാലത്തു സ്വപ്‌നം കണ്ടതിനേക്കാള്‍ വലിയ നേട്ടമാണ് തന്നെ തേടിയെത്തിയിരിക്കുന്നതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മെസ്സി പ്രതികരിച്ചു.
''വീണ്ടുമൊരിക്കല്‍ക്കൂടി ബാലണ്‍ഡിയോ ര്‍ പുരസ്‌കാരവേദിയില്‍ എത്താനായത് അവിസ്മരണീയമാണ്. കഴിഞ്ഞ രണ്ടു തവണയും ക്രിസ്റ്റ്യാനോ ജേതാവാകുന്നത് ഞാന്‍ കണ്ടു. ഇത്തവണ അവാര്‍ഡ് എന്നെ തേടിയെ ത്തി. അഞ്ചു വട്ടം ലോകഫുട്‌ബോളറാവുകയെ ന്നത് അവിശ്വസനീയമാണ്. എനിക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നല്‍കിയ ഫുട്‌ബോളിനോട് നന്ദി പറയുന്നു. എന്നെ വളരാന്‍ സഹായിച്ചത് ഫുട്‌ബോളാണ്''- മെസ്സി മനസ്സ്തുറന്നു.
''ഒരിക്കല്‍ക്കൂടി എന്നെ ലോക ഫുട്‌ബോളര്‍ പട്ടം നേടാന്‍ സഹായിച്ച മുഴുവന്‍ ടീമംഗങ്ങളോടും നന്ദി അറിയിക്കുന്നു. അവരുടെ സഹായം കൂടി ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഇതൊന്നും സാധിക്കില്ലായിരുന്നു. 2015ല്‍ നിരവധി നേട്ടങ്ങള്‍ ബാഴ്‌സലോണയ്‌ക്കൊപ്പം കൈവരിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷവും ഇതാവര്‍ത്തിക്കുക എളുപ്പമാവി ല്ല''- താരം കൂട്ടിച്ചേര്‍ത്തു.
സ്വപ്‌നം യാഥാര്‍ഥ്യമായി: ലോയ്ഡ്
അമേരിക്കന്‍ ടീമിനൊപ്പം ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചതു മുതലുള്ള സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട കാര്‍ലി ലോയ്ഡ് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന വനിതാ ലോകകപ്പില്‍ അമേരിക്കയെ ജേതാക്കളാക്കിയ പ്രകടനമാണ് 33കാരിയായ ലോയ്ഡിനെ ജേതാവാക്കിയത്. ജപ്പാനെതിരായ ഫൈനലില്‍ താരം ഹാട്രിക്കോടെ കസറിയിരുന്നു.
Next Story

RELATED STORIES

Share it