Sports

മെസ്സിയുടെ പാസ്‌പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പോലിസുകാരന് തടവു ശിക്ഷ

ദുബയ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പാസ്‌പോര്‍ട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച പോലിസുകാരനെ ആറു മാസം തടവിനു ശിക്ഷിച്ചു. ദുബയ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനോടാണ് തടവിനൊപ്പം 1,24,000 യൂ റോ പിഴയടക്കാനും കോടതി നിര്‍ദേശിച്ചത്.
കഴിഞ്ഞ മാസം നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാന്‍ മെസ്സി ദുബയിലെത്തിയപ്പോഴാണ് സംഭവം. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന്‍ മെസ്സിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമീപമെത്തി തനിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ താരം ക്ഷീണിതനാണെന്നു ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിനെ വിലക്കി. തുടര്‍ന്ന് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഓഫിസിലെത്തിയ പോലിസുകാരന്‍ മെസ്സിയുടെ പാസ്‌പോര്‍ട്ടിന്റെ വീഡിയോ ഐപാഡില്‍ പകര്‍ത്തിയ ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഇതു മെസ്സിയുടെ പാസ്‌പോര്‍ട്ട്. ഞാന്‍ ഇത് എന്തു ചെയ്യണം? മെസ്സിക്കു തിരികെ കൊടുക്കണോ അതോ കത്തിച്ചു കളയണോ? എന്ന അടിക്കുറിപ്പോടെയാണ് പോലിസുകാരന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സ്വകാര്യ വസ്തു പ്രദര്‍ശിപ്പിച്ചതിനൊപ്പം സൈബര്‍ കുറ്റകൃത്യം കൂടി ഉള്‍പ്പെടുത്തിയാണ് പോലിസുകാരനെതിരേ കേസെടുത്തത്.
Next Story

RELATED STORIES

Share it