Flash News

മെസ്സിയുടെ തടവുശിക്ഷ കോടതി ശരിവച്ചു



മാഡ്രിഡ്: അര്‍ജന്റീനിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ നികുതി വെട്ടിപ്പ് കേസില്‍ പുതിയ വഴിത്തിരിവ്. നികുതി വെട്ടിച്ചെന്ന കേസില്‍ 21 മാസത്തെ ജയില്‍ ശിക്ഷയ്‌ക്കെതിരേ മെസ്സി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ സ്പാനിഷ് പരമോന്നത കോടതി, ജയില്‍ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. പരമോന്നത കോടതിയുടെ ചേംബര്‍ കോര്‍ട്ടാണ് അപ്പീല്‍ പരിഗണിച്ചത്. ഇതോടെ, ലയണല്‍ മെസ്സി 21 മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. അതിനു പുറമെ 14 കോടിയോളം രൂപ താരം പിഴയൊടുക്കുകയും വേണം. ഇരുപത്തിയൊമ്പതുകാരനായ മെസ്സി 2007നും 2009നും ഇടക്ക് 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കഴിഞ്ഞ ജൂലൈയില്‍ ബാഴ്‌സലോണയിലെ കോടതി മെസ്സിയും അദ്ദേഹത്തിന്റെ ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന അച്ഛന്‍ ജോര്‍ജും കുറ്റക്കാരാണെന്ന് ബാഴ്‌സലോണയിലെ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. അച്ഛന്‍ ജോര്‍ജിന് 21 മാസം തടവുശിക്ഷയ്‌ക്കൊപ്പം 10 കോടി രൂപയുടെ പിഴയാണ് കോടതി വിധിച്ചത്. നികുതിയില്‍ കുറച്ച് ശതമാനം അടച്ച ജോര്‍ജ് മെസ്സിയുടെ ജയില്‍ ശിക്ഷയില്‍ കോടതി ഇളവ് വരുത്തിയിരുന്നു. താന്‍ ഫുട്‌ബോള്‍ കളിയെ കുറിച്ച് മാത്രമേ ആശങ്കപ്പെടുന്നുള്ളൂ എന്ന താരത്തിന്റെ അന്നത്തെ പ്രസ്താവന ചര്‍ച്ചയായിരുന്നു.അതേസമയം, ബാഴ്‌സയുടെ ഇതിഹാസ താരത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നാണ് റിപോര്‍ട്ടുകള്‍. സ്പാനിഷ് നിയമപ്രകാരം രണ്ടു വര്‍ഷത്തില്‍ താഴെ തടവു വിധിച്ച ക്രിമിനല്‍ അല്ലാത്ത കേസുകളില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല. അങ്ങനെയെങ്കില്‍ മെസ്സിയും അച്ഛനും പിഴ മാത്രം അടച്ചാല്‍ മതിയാകും. വരവിനൊത്ത നികുതിയടച്ചില്ലെന്നും നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്നും കോടതി കണ്ടെത്തി. മെസ്സിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പിതാവാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചിരുന്നെങ്കിലും ആ വാദം തള്ളി ബാഴ്‌സലോണയിലെ കോടതി അര്‍ജന്റീനിയന്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞദിവസം സമാപിച്ച ലാ ലിഗ ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ട് ലയണല്‍ മെസ്സിക്കായിരുന്നു.
Next Story

RELATED STORIES

Share it