Flash News

മെസ്സിക്ക് പിഴച്ചു; അര്‍ജന്റീനയ്ക്ക് സമനിലപ്പൂട്ട്

മെസ്സിക്ക് പിഴച്ചു; അര്‍ജന്റീനയ്ക്ക് സമനിലപ്പൂട്ട്
X


മോസ്‌കോ: ലയണല്‍ മെസ്സിയെന്ന ഫുട്‌ബോള്‍ രാജകുമാരന്റെ കാലുകള്‍ക്ക് ലക്ഷ്യം പിഴച്ചപ്പോള്‍ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില തുടക്കം. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ഐസ്‌ലന്‍ഡ് അര്‍ജന്റീനയെ 1-1 സമനിലയില്‍ തളയ്ക്കുകയായിരുന്നു.
ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ സെര്‍ജിയോ അഗ്യൂറോയെ മുന്നില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മാറ്റില്‍ അര്‍ജന്റീന ബൂട്ടണിഞ്ഞപ്പോള്‍ ഫിന്‍ബോഗാസണിനെ മുന്നില്‍ നിര്‍ത്തി 4-5-1 ഫോര്‍മാറ്റിലാണ് ഐസ്‌ലന്‍ഡ് കളി മെനഞ്ഞത്. ആദ്യ ലോകകപ്പ് കളിക്കുന്നതിന്റെ സമ്മര്‍ദമില്ലാതെ ഐസ്‌ലന്‍ഡ് പന്ത് തട്ടിയതോടെ കരുത്തരായ അര്‍ജന്റീന നിര തുടക്കം മുതല്‍ വിയര്‍ത്തു. ഒടുവില്‍ 19ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ആരാധകരെ ആവേശത്തിലാഴ്ത്തി അഗ്യൂറോ നീലപ്പടയുടെ അക്കൗണ്ട് തുറന്നു. റോജോയുടെ അസിസ്റ്റിനെ പിടിച്ചെടുത്ത് അഗ്യൂറോ തൊടുത്ത മിന്നല്‍ ഷോട്ട് ഐസ്‌ലന്‍ഡ് ഗോള്‍കീപ്പറെയും കടന്ന് വലയില്‍ പതിക്കുകയായിരുന്നു. 1-0ന് അര്‍ജന്റീന മുന്നില്‍.
എന്നാല്‍ അര്‍ജന്റീനയുടെ ആഘോഷ മുഖങ്ങള്‍ക്ക് വെറും നാല് മിനിറ്റ് മാത്രമായിരുന്നു ആയുസ്. 23ാം മിനിറ്റില്‍ ഫിന്‍ബോഗാസണിലൂടെ ഐസ്‌ലന്‍ഡ് സമനില പിടിക്കുകയായിരുന്നു. മല്‍സരം 1-1 എന്ന നിലയില്‍. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ ഇരു കൂട്ടരും സമനില പങ്കിട്ടാണ് പിരിഞ്ഞത്.
രണ്ടാം പകുതിയിലും അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഐസ്‌ലന്‍ഡ് പ്രതിരോധം ഉയര്‍ന്നു നിന്നു. അര്‍ജന്റീനയുടെ ഗോളെന്നുറപ്പിച്ച പല മുന്നേറ്റങ്ങളെയും കീഴ്‌പ്പെടുത്തിയ ഗോള്‍കീപ്പര്‍ ഹന്നീസ് ഹല്‍ഡോര്‍സന്റെ മികവാണ് ഐസ്‌ലന്‍ഡിന് കരുത്തായത്. ഒടുവില്‍ 64ാം മിനിറ്റില്‍ അര്‍ജന്റീനയെതേടി പെനല്‍റ്റി ഭാഗ്യമെത്തി. എന്നാല്‍ കിക്കെടുത്ത മെസ്സിയുടെ ഷോട്ടിനെ ഹല്‍ഡോര്‍സന്‍ തടുത്തിട്ടു. പിന്നീടുള്ള മിനിറ്റുകളില്‍ ഇരു കൂട്ടരുടെയും ഗോള്‍ ശ്രമങ്ങളെല്ലാം ലക്ഷ്യം കാണാതെ പോയതോടെ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ സമനില പങ്കിട്ട് അര്‍ജന്റീനയ്ക്ക് ബൂട്ടഴിക്കേണ്ടി വന്നു. ഇതോടെ ഗ്രൂപ്പ് ഡിയില്‍ ഇരു കൂട്ടരും ഓരോ പോയിന്റ് വീതവും പങ്കിട്ടു.
Next Story

RELATED STORIES

Share it