Flash News

മെസ്യൂട്ട് ഓസില്‍ ജര്‍മനിയില്‍ നിന്ന് വിടപറയാനൊരുങ്ങുന്നു

മെസ്യൂട്ട് ഓസില്‍ ജര്‍മനിയില്‍ നിന്ന് വിടപറയാനൊരുങ്ങുന്നു
X


ബെര്‍ലിന്‍: ജര്‍മന്‍ പടയുടെ ശാന്തനായ പോരാളി കളം വിടുന്നു. റഷ്യന്‍ ലോകകപ്പില്‍ നിന്നു ജര്‍മനിയുടെ ആദ്യ റൗണ്ടിലെ പുറത്താവലിനു പിന്നാലെ സ്റ്റാര്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കുമെന്നു സൂചന. വൈകാതെ തന്നെ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നു ചില ജര്‍മന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ലോകകപ്പ് ഫുട്‌ബോളില്‍ നിന്നുള്ള പുറത്താവലിനു പിറകെ ജര്‍മന്‍ ആരാധകരും ടീം അധികൃതരും ഓസിലിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഓസിലില്‍ മാത്രം കെട്ടിവയ്ക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്. ഓസിലിനെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു ടീം ഡയറക്ടര്‍ ഒലിവര്‍ ബെയ്‌റോഫ് ആരോപിച്ചത്. ചത്ത തവളയുടെ ശരീരഭാഷയുള്ള ഓസിലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതു തെറ്റായിരുന്നുവെന്നാണു മുന്‍ താരം ലോതര്‍ മത്തേവൂസ് ആരോപിച്ചത്. എന്നാല്‍ ജര്‍മനിയുടെ മോശം പ്രകടനത്തിനു കാരണം ഓസില്‍ മാത്രമല്ലെന്നാണു ലോകത്തെ ഫുട്‌ബോള്‍ നിരൂപകര്‍ വിലയിരുത്തുന്നത്. മുന്‍ ലോകകപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ലോകകപ്പില്‍ ഏറ്റവുമധികം ഗോളടിച്ച് പെലെയുടെ റെക്കോഡ് മറികടക്കാനായി റഷ്യയിലെത്തുകയും ചെയ്ത തോമസ് മുള്ളര്‍ ഉള്‍പ്പെടെയുള്ളവര്‍ റഷ്യന്‍ ലോകകപ്പില്‍ ദയനീയമായി തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ഇവരിലൊന്നും കാണാത്ത കുറ്റാരോപണങ്ങളാണ് 29കാരനായ തുര്‍ക്കി വംശജന്‍ ഓസിലിനെതിരേ ആരോപിക്കുന്നത്.
ഗ്രൂപ്പ് സ്‌റ്റേജിലെ മല്‍സരങ്ങില്‍ രണ്ടെണ്ണത്തിലാണ് ഓസില്‍ ഇറങ്ങിയത്. മെക്‌സിക്കോയ്ക്ക് എതിരേയും സൗത്ത് കൊറിയക്ക് എതിരേയും. രണ്ടിലും ജര്‍മനി തോറ്റു. സ്വീഡനെതിരേ ഓസില്‍ ഇറങ്ങിയില്ല; ആ കളി ജര്‍മനി ജയിച്ചു. ഓസിലിന്റെ പ്രകടനം മോശമായിരുന്നുവെന്ന കാര്യം ആഴ്‌സണലിന്റെ പഴയ മാനേജര്‍ വെങ്ങര്‍ ആശാന്‍ തന്നെ തുറന്നുസമ്മതിക്കുന്നുണ്ട്.ലോകകപ്പ് തുടങ്ങുന്നതിന് ഒരു മാസം മുമ്പ് തുര്‍ക്കി പ്രസിഡന്റ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയിരുന്നു. മെയ് 14ന് ഞായറാഴ്ച പ്രീമിയര്‍ ലീഗ് താരങ്ങളായ ആഴ്‌സണലിന്റെ ഓസില്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇല്‍ക്കെ ഗുണ്ടോഗന്‍, എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ സെന്‍ക് ടോസണ്‍ എന്നിവര്‍ പ്രസിഡന്റിനെ കാണാന്‍ ഹോട്ടലിലെത്തി. മൂന്നു പേരും തങ്ങളുടെ ക്ലബ് ജേഴ്‌സികള്‍ പ്രസിഡന്റിന് സമ്മാനിച്ചു. കൂടാതെ പ്രസിഡന്റിനൊപ്പമുള്ള ഇവരുടെ ഫോട്ടോയും പ്രചരിച്ചിരുന്നു. എന്നാല്‍ ജര്‍മനിയില്‍ ഇതു വന്‍ വിവാദത്തിനാണു തിരികൊളുത്തിയത്. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനും താരത്തിനെതിരേ രംഗത്തെത്തി. ലോകകപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മല്‍സരങ്ങള്‍ക്കിടയില്‍ ഓസിലിനെതിരേ ആരാധകര്‍ കൂവിവിളിച്ചിരുന്നു. സ്വന്തം ആരാധകരുടെയും ടീമിന്റെയും ഭാഗത്തു നിന്നുള്ള  ഇത്തരം ആരോപണങ്ങള്‍ ഓസിലിനെ മാനസികമായി തളര്‍ത്തിയിരുന്നു. ആരോപണങ്ങളില്‍ മകന്‍ നിരാശനാണെന്നും മകന്റെ സ്ഥാനത്തു താനായിരുന്നെങ്കില്‍ ജര്‍മന്‍ ടീം വിടുമായിരുന്നുവെന്നുമാണ് ഓസിലിന്റെ പിതാവ് മുസതഫ അറിയിച്ചത്. ആരോപണങ്ങളില്‍ മനംനൊന്ത് ഓസില്‍ ജര്‍മന്‍ ടീം വിടുന്നതോടെ ജര്‍മനിയുടെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളാണു കളമൊഴിയുന്നത്.
Next Story

RELATED STORIES

Share it