Kottayam Local

മെഴുകുതിരിയണച്ചില്ല; വീടിന്റെ മുറി കത്തി നശിച്ചു

എരുമേലി: വിവാഹം ക്ഷണിക്കാന്‍ വീട് പൂട്ടിപ്പോയപ്പോള്‍ തീപ്പിടിച്ച് വീട്ടിലെ ഒരു മുറി കത്തി നശിച്ചു. മുറിയില്‍ പ്രാര്‍ഥനയ്ക്കായി കത്തിച്ചു വച്ച മെഴുകുതിരി അണയ്ക്കാതിരുന്നതാണ് തീപ്പിടിത്തത്തില്‍ കലാശിച്ചത്. ഇന്നലെ രാവിലെ 11ന് കനകപ്പലം കാരിത്തോട് പുതിയവീട്ടില്‍ മാമ്മന്‍ മാത്യുവിന്റെ വീട്ടിലാണ് സംഭവം.
അയല്‍വാസികളുടെ സമയോചിത ഇടപെടലാണ് തീ അണയ്ക്കാനായത്. കാഞ്ഞിരപ്പള്ളിയിലെ അഗ്നിശമന സേന വിഭാഗമെത്തിയാണ് തീയണച്ചത്. എരുമേലി പോലിസും സ്ഥലത്തെത്തി.
അലമാര, അലമാരയില്‍ സൂക്ഷിച്ച പണം, വീടിന്റെയും പുരയിടത്തിന്റെയും ആധാരം, റേഷന്‍ കാര്‍ഡ്, വിവാഹാവശ്യത്തിനായി കരുതിയിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, മേശ, കട്ടില്‍, വാഷിങ് മെഷീന്‍, തയ്യല്‍ മെഷീന്‍, ഫാന്‍, മുറിയിലുണ്ടായിരുന്ന വൈദ്യുതി ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായി കത്തി നശിച്ചു.
മാമ്മന്‍ മാത്യുവിന്റെ മകന്റെ വിവാഹ നിശ്ചയം 14നാണ്. ഇതിന് ക്ഷണിക്കാനായി ഇന്നലെ രാവിലെ കുടുംബാംഗങ്ങള്‍ വീട് പൂട്ടി പുറത്തുപോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്.
എയര്‍ഹോളില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്. തീയും കനത്ത ചൂടും മൂലം ഭിത്തികള്‍ വിണ്ടുകീറി, ജനല്‍ കത്തി ചില്ലുകള്‍ പെട്ടിത്തെറിച്ചപ്പോഴേക്കും അയല്‍ക്കാര്‍ മെയിന്‍സ്വിച്ച് ഓഫ് ചെയ്തു. ഫയര്‍ഫോഴ്‌സിനേയും പോലിസിനെയും വിവരം അറിയിച്ചു. പൈപ്പിലൂടെ വെള്ളം തുറന്നുവിട്ട് തീ കെടുത്താന്‍ ശ്രമിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, ബ്ലോക്ക് അംഗം ആശ ജോയി എന്നിവര്‍ സ്ഥലത്തെത്തി. സ്റ്റേഷന്‍ ഓഫിസര്‍ ജോസഫ് തോമസ്, ലീഡിങ് ഫയര്‍മാന്‍ കെ കെ സുരേഷ്, ഫയര്‍മാന്മാരായ കെ പി ജോയി, മഹേഷ് മാധവന്‍, ഡ്രൈവര്‍മാരായ പി പി ബിനു, റെജിമോന്‍, പി കെ സന്തോഷ് എന്നി ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണച്ചത്.
Next Story

RELATED STORIES

Share it