World

മെല്‍ബണ്‍ മലയാളിയുടെ വധം; ഭാര്യക്ക് 22 വര്‍ഷം തടവ്

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ പുനലൂര്‍ കരുവാളൂര്‍ സ്വദേശിയായ സാം എബ്രഹാം (34) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്ക് 22 വര്‍ഷം തടവ്. ഇവരുടെ കാമുകനായ അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവും ആസ്‌ത്രേലിയയിലെ വിക്ടോറിയന്‍ കോടതി വിധിച്ചു. സാമിനെ ജ്യൂസില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്നും ഇരുവരും കുറ്റക്കാരാണെന്നും ഫെബ്രുവരിയില്‍ കോടതി വിധിച്ചിരുന്നു.
മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്തിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നല്‍ സാം എബ്രഹാമിനെ 2015 ഒക്ടോബര്‍ 13നാണ് എപ്പിങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗത്തെത്തുടര്‍ന്നാണ് മരണമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച സോഫിയ മൃതദേഹം നാട്ടിലെത്തിക്കുകയും സംസ്‌കരിച്ച ശേഷം മകനോടൊത്ത് മെല്‍ബണിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയിരുന്നു. പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ച് ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. രഹസ്യമായി സോഫിയയുടെയും അരുണിന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ച് വീഡിയോയില്‍ പകര്‍ത്തിയ പോലിസ് 10 മാസത്തിനു ശേഷം 2016 ആഗസ്ത് 12നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
2014 ജനുവരിയില്‍ സോഫിയയും അരുണും ചേര്‍ന്നു ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെയും അരുണിന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണം അയച്ചതിന്റെ രേഖകളും ഇരുവരും തമ്മിലുള്ള പ്രണയം വെളിവാക്കുന്ന ഡയറിക്കുറിപ്പുകളും കേസില്‍ തെളിവുകളായി.
Next Story

RELATED STORIES

Share it