thrissur local

മെറ്റല്‍ ക്രഷറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ നടപടി വിവാദത്തില്‍

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മെറ്റല്‍ ക്രഷറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ നടപടി വീണ്ടും വിവാദമാകുന്നു. മിനിറ്റ്‌സില്‍ കൃത്രിമം നടത്തി എഴുതി ചേര്‍ത്ത തീരുമാനം നീക്കം ചെയ്യണമെന്നുള്ള ആവശ്യം പഞ്ചായത്ത് ഭരണസമിതി തള്ളി. കടങ്ങോട് പഞ്ചായത്തിലെ മയിലാടുംകുന്നില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.എ, ബെസ്റ്റ് മെറ്റല്‍ ക്രഷര്‍ കമ്പനികള്‍ക്കും ക്വാറികള്‍ക്കുമാണ് ജനകീയ പ്രതിഷേധം അവഗണിച്ച് ഭരണസമിതി ലൈസന്‍സ് പുതുക്കി നല്‍കിയത്. ഇതിനെതിരെ ഭരണ സമിതി അംഗങ്ങളായ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജലീല്‍ ആദൂര്‍, മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി പി ജോസഫ്, പ്രതിപക്ഷ അംഗങ്ങളായ ലിബിന്‍ കെ മോഹന്‍, ദീപ രാമചന്ദ്രന്‍ എന്നിവര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ സെക്രട്ടറി ലൈസന്‍സ് പുതുക്കി നല്‍കുകയും പിന്നീട് 2018 ഏപ്രില്‍ 17 ന് നടന്ന യോഗത്തിന്റെ മിനിട്‌സില്‍ കൃത്രിമം നടത്തി എഴുതിചേര്‍ക്കുകയുമായിരുന്നു. ഇതിനെതിരെ ഭരണ സമിതിയംഗമായ ജലീല്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയും ഡി.ഡി.പിയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. തുടര്‍ന്ന് ക്രഷര്‍, ക്വാറി വിരുദ്ധ സമര സമിതി ഭാരവാഹികള്‍ ഈ നിയമ വിരുദ്ധ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ക്രഷറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഭരണ സമിതി തീരുമാനിച്ചുവെന്ന് രേഖപ്പെടുത്തിയത് മിനിട്‌സില്‍ നിന്ന് നീക്കം ചെയ്യാന്‍ ഭരണ, പ്രതിപക്ഷത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് ഭരണ സമിതി തീരുമാനമെടുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള ചില അംഗങ്ങള്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ യോഗത്തില്‍ രൂക്ഷമായ വാക്കേറ്റവും ബഹളവും നടന്നു. തുടര്‍ന്നാണ് ജലീല്‍ ആദൂര്‍, ടി പി ജോസഫ് എന്നിവര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്. ഇതോടെ ക്രഷറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച നടപടി വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ലൈസന്‍സ് നല്‍കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടേയും പ്രതിപക്ഷ നേതൃത്വത്തിന്റേയും അനുകൂല നിലപാടാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it