മെറിറ്റ് സീറ്റിലും സ്വാശ്രയ ഫീസ്; പരിയാരത്ത് വിദ്യാര്‍ഥികള്‍ വെട്ടില്‍

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഭരണമാറ്റത്തിനുള്ള നടപടികള്‍ പുരോഗമിക്കവെ മെറിറ്റ് ഫീസ് വിവാദം പുകയുന്നു. കുറഞ്ഞ ഫീസില്‍ പഠിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. ഫീസ് ഏകീകരണത്തിന്റെ ഭാഗമായി അധികം ഫീസ് ആവശ്യപ്പെട്ടതാണ് ഒരുവിഭാഗം എംബിബിഎസ് വിദ്യാര്‍ഥികളെ  വെട്ടിലാക്കിയത്.
പഠനമാരംഭിച്ച് ഒരുവര്‍ഷം തികഞ്ഞപ്പോള്‍ മെറിറ്റ് സീറ്റിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതി വിധിപ്രകാരം ഇരട്ടി ഫീസ് അടയ്ക്കണമെന്ന് ഫീസ് നിര്‍ണയ സമിതി കോളജ് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, അധിക ഫീസ് അടയ്ക്കാനാവില്ലെന്ന നിലപാടിലാണു വിദ്യാര്‍ഥികള്‍. മെറിറ്റ് ക്വാട്ടയിലെ 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് രണ്ടര ലക്ഷം രൂപയും, മാനേജ്‌മെന്റ് ക്വാട്ടയിലെ വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷവും എന്‍ആര്‍ഐ സീറ്റിന് 14 ലക്ഷവും വാങ്ങാനായിരുന്നു സര്‍ക്കാരുമായി സ്വാശ്രയ മാനേജ്‌മെന്റുകള്‍ കഴിഞ്ഞ വര്‍ഷമുണ്ടാക്കിയ കരാറിലെ ധാരണ. എന്നാല്‍, കഴിഞ്ഞ നവംബറില്‍ ഈ കരാര്‍ കോടതി റദ്ദാക്കി.
തുടര്‍ന്ന് ഏകീകൃത ഫീസ്ഘടന നിര്‍ദേശിക്കാന്‍ രാജേന്ദ്രബാബു കമ്മീഷന്‍ ചെയര്‍മാനായ പ്രവേശന നിയന്ത്രണ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, മാസങ്ങളായിട്ടും 10 ലക്ഷം നിശ്ചയിച്ച 35 വിദ്യാര്‍ഥികളുടെ ഫീസ് കുറക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ഇതിനെതിരേ മാനേജ്‌മെന്റ് ക്വാട്ടയിലെ ചില വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഏകീകൃത ഫീസ് ഘടന നിശ്ചയിച്ച് കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ഫീസ് ഏകീകരണത്തിന്റെ ഭാഗമായി എന്‍ആര്‍ഐ ഒഴികെയുള്ള 85 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്രതിവര്‍ഷം 4.85 ലക്ഷമായി ഫീസ് പുനര്‍നിര്‍ണയിച്ചതാണ് മെറിറ്റില്‍ പ്രവേശനം നേടിയ 50 ശതമാനം വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയായത്. മറ്റ് കോളജുകളില്‍ നടപ്പാക്കിയ ഏകീകൃത ഫീസ് പരിയാരത്തും വാങ്ങാന്‍ ഉത്തരവിടുകയായിരുന്നു.
50 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ രണ്ടര ലക്ഷം രൂപ നല്‍കി ഒരുവര്‍ഷം പഠിച്ചിരുന്നു. പരീക്ഷയെഴുതാന്‍ മൂന്നുമാസം ശേഷിക്കെയാണ് ഏകീകൃത ഫീസ് പ്രഖ്യാപിച്ചത്. മുന്‍കാല പ്രാബല്യത്തോടെ രണ്ടുലക്ഷത്തി മുപ്പത്തയ്യായിരം രൂപ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്നാണ് മാനേജ്‌മെന്റിന്റെ നിര്‍ദേശം. ബാങ്ക് വായ്പയെടുത്തും മറ്റും ഫീസടച്ചവര്‍ക്ക് ഇനിയും ഇരട്ടി ഫീസ് നല്‍കുകയെന്നത് അസാധ്യമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍, സമിതി നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it