kannur local

മെരുവമ്പായി പാലം നിര്‍മാണം അന്തിമഘട്ടത്തില്‍



ഉരുവച്ചാല്‍: മെരുവമ്പായി പാലത്തിന്റെ നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍. തലശ്ശേരി-വളുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡില്‍ മെരുവമ്പായിയില്‍ നിലവിലുള്ള റോഡിന് സമാന്തരമായി പുതിയ പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. നിര്‍മാണം ഏതാണ്ട് അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. മെയിന്‍ സ്ലാബിന്റേയും ബീമിന്റെയും നിര്‍മാണ പ്രവൃത്തി ഈ മാസത്തോടെ പൂര്‍ത്തിയാവും. അടുത്ത മാസം ആദ്യം അപ്രോച്ച് റോഡിന്റെയും പാലത്തിന്റെ ഇരുവശങ്ങളിലുള്ള സംരക്ഷണ ഭിത്തിയുടെയും നിര്‍മാണം ആരംഭിക്കും. രണ്ടു കോടിയിലേറെ രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. 64 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 12 മീറ്റര്‍ വീതിയുണ്ടാവും.   നിലവിലുള്ള പാലം ഏറെ വര്‍ഷം പഴക്കമുള്ളതും അപകട ഭീഷണി ഉയര്‍ത്തുന്നതുമായിരുന്നു. ഈ പാലത്തിലൂടെ ഒരു സമയം ഒരു ദിശയിലേക്കു മാത്രമേ വാഹനത്തിന് കടന്നുപോവാനാവുകയുള്ളു. ഇതില്‍ നിന്ന് വ്യത്യസ്തമായി പുതിയ പാലത്തിലൂടെ രണ്ട് വാഹനങ്ങര്‍ക്ക് ഒരേ സമയം രണ്ട് ദിശകളിലേക്കും കടന്നു പോകാനാവും. കൂടാതെ പാലത്തിന്റെ ഇരുഭാഗത്തും നടപ്പാതകളുമുണ്ടാവും. തലശ്ശേരി-വളവുപാറ റോഡിന്റെ തലശ്ശേരി മുതല്‍ മട്ടന്നൂര്‍ കളറോഡ് വരെയുള്ള പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന ഏറനാട് എന്‍ജിനീയറിങ് എന്റര്‍പ്രൈസാണ് പാലം നിര്‍മിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് പാലം നിര്‍മാണം ആരംഭിച്ചത്. ഡിസംബര്‍ മാസത്തോടെ മെരുവമ്പായി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.
Next Story

RELATED STORIES

Share it