മെയ് 30 മുതല്‍ 48 മണിക്കൂര്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

കൊച്ചി: സേവന-വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്റെ ആഭിമുഖ്യത്തില്‍ 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും. ഈ മാസം 30ന് രാവിലെ ആറ് മുതല്‍ ജൂണ്‍ ഒന്നിനു രാവിലെ ആറ് വരെയാണ് സമരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊതുമേഖല, സ്വകാര്യ, വിദേശ, വാണിജ്യ ബാങ്കിങ് മേഖലയിലെ 10 ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുന്നതിനാല്‍ ബാങ്കിങ് മേഖല പൂര്‍ണമായും നിശ്ചലമാവുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
മേഖലയിലെ സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിലവിലുള്ള കരാറിന്റെ കാലാവധി 2017 ഒക്‌ടോബര്‍ 31ന് അവസാനിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ കേവലം രണ്ടു ശതമാനം മാത്രം വര്‍ധനയ്ക്കാണ് ഐബിഐ അനുമതി നല്‍കിയത്. ഇതിനു പുറമെ, സ്‌കെയില്‍ ഏഴ് വരെയുള്ള ഓഫിസര്‍മാരുടെ ശമ്പളഘടന വ്യവസായതല ഉഭയകക്ഷി ചര്‍ച്ചയിലൂടെ നിശ്ചയിക്കുന്ന രീതി തുടരാനാവില്ലെന്നും സ്‌കെയില്‍ മൂന്നു വരെയുള്ള ഓഫിസര്‍മാരുടെ ശമ്പളപരിഷ്‌കരണം മാത്രമേ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തൂവെന്നും ഐബിഐ ആവര്‍ത്തിച്ചു.
ഈ സാഹചര്യത്തിലാണ് 48 മണിക്കൂര്‍ അഖിലേന്ത്യാ സമരത്തിന് ബാങ്കിങ് മേഖല നിര്‍ബന്ധിതരായതെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it