മെയ് 2 മുതല്‍ തിയേറ്ററുകള്‍ അടച്ചിടും- ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

കൊച്ചി: ടിക്കറ്റ് വിഹിതവും നികുതി പിരിവും സുതാര്യമാക്കുന്ന സര്‍ക്കാരിന്റെ ഇ-ടിക്കറ്റിങ് സംവിധാനത്തിനെതിരായ തീരുമാനത്തിലുറച്ചു തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. മെയ് 2 മുതല്‍ തിയേറ്ററുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിക്കും.
ഇ-ടിക്കറ്റിങിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതില്ലെന്നും ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. മെയ് 2 മുതല്‍ എല്ലാ തിയേറ്ററുകളിലും ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ വഴി ടിക്കറ്റുകള്‍ സീല്‍ ചെയ്യുന്ന രീതി ഇല്ലാതാവും. സ്വാഭാവികമായും ഇ-ടിക്കറ്റിങ് നടപ്പാക്കാത്ത തിയേറ്ററുകളില്‍ ടിക്കറ്റ് വിതരണവും നടക്കില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സോഫ്റ്റ്‌വെയര്‍ സ്വീകാര്യമല്ലെന്നും അതാത് തിയേറ്ററുകള്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാന്‍ സമ്മതിക്കണമെന്നുമാണ് തിയേറ്റര്‍ ഉടമകളുടെ നിലപാട്. ഈ നിര്‍ദേശം അംഗീകരിച്ചാല്‍ ഇ-ടിക്കറ്റിങ് സംവിധാനവുമായി സഹകരിക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും ജനറല്‍ സെക്രട്ടറി അഡ്വ. ഷാജന്‍ അഗസ്റ്റിന്‍ അക്കരയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it