മെത്രാന്‍ കായല്‍ ബലംപ്രയോഗിച്ച് ഏറ്റെടുക്കില്ല: മന്ത്രി

കോട്ടയം: കര്‍ഷകരില്‍നിന്ന് സ്വകാര്യ കമ്പനി കൈക്കലാക്കിയ കുമരകം മെത്രാന്‍ കായല്‍ ഭൂമി ബലംപ്രയോഗിച്ച് ഏറ്റെടുക്കില്ലെന്നും കായലില്‍ നെല്‍കൃഷിയല്ലാതെ ഫാം ടൂറിസം പോലുള്ള പദ്ധതികള്‍ അനുവദിക്കില്ലെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. മെത്രാന്‍ കായലില്‍ കൃഷിയിറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി കായല്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
420 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ 28 ഏക്കര്‍ ഒഴികെ സ്വകാര്യ കമ്പനിയുടെ കൈയിലാണ്. ഇവിടെ ഒരു കര്‍ഷകനെങ്കിലും കൃഷിചെയ്യാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ എന്തു നഷ്ടം സഹിച്ചും കൃഷിയിറക്കുന്നതിന്് അനുയോജ്യമായ സാഹചര്യമൊരുക്കും. നികത്തുന്നതു തടഞ്ഞ് തരിശുകിടക്കുന്ന വയലുകള്‍ കൃഷിയോഗ്യമാക്കുകയെന്ന സര്‍ക്കാര്‍നയത്തിന്റെ ഭാഗമാണ് ഈ തീരുമാനം. നെല്‍പ്പാടങ്ങളില്‍ ഫാം ടൂറിസം പോലുള്ള പദ്ധതികള്‍ അനുവദിക്കില്ല. മെത്രാന്‍ കായലിന്റെ പുറംബണ്ട് കെട്ടിപ്പൊക്കി ബലപ്പെടുത്തുകയും വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോര്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ കൃഷിയിറക്കാം. നവംബറില്‍ കൃഷിയിറക്കുന്നതരത്തിലുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 80 ലക്ഷം രൂപയും സ്ഥിരം സംവിധാനമൊരുക്കുന്നതിന് രണ്ടരക്കോടിയും വേണ്ടിവരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതല യോഗത്തിനുശേഷം കൃഷിയിറക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കും.
ഇവിടെ മിച്ചഭൂമിയുണ്ടോയെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ മെത്രാന്‍ കായലില്‍ 28 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നതിന് നിയമതടസ്സങ്ങളില്ല. കഴിഞ്ഞ സര്‍ക്കാര്‍ നീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിച്ച് ഭൂവടമയ്ക്ക് 50 ശതമാനം ഭൂമിയില്‍ എന്തും ചെയ്യാമെന്ന വ്യവസ്ഥ കൊണ്ടുവന്നിരുന്നു. ഈ സര്‍ക്കാര്‍ അത് അനുവദിക്കില്ല. തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് തരിശുനിലം കണ്ടെത്തി തരിശിടാനുണ്ടായ സാഹചര്യം മനസ്സിലാക്കി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. എന്നാല്‍, സര്‍ക്കാരിന് ആരുടെയും ഭൂമി ബലംപ്രയോഗിച്ച് ഏറ്റെടുക്കുകയെന്ന നിലപാടില്ല. കുട്ടനാട് പാക്കേജ് തകര്‍ക്കുന്ന നിലപാടാണ് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയത്. ഇതിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടും. സംസ്ഥാന ത്തെ റബര്‍കൃഷി സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it